പരിമിതികൾക്ക് നടുവിൽ പാനൂർ അഗ്നിരക്ഷാസേന
text_fieldsപാനൂർ: ആറ്റുനോറ്റിരുന്ന് സ്വന്തമാക്കിയ അഗ്നിരക്ഷ ഓഫിസ് വർഷങ്ങൾ കഴിഞ്ഞിട്ടും ബാലാരിഷ്ടതകൾ പോലും പിന്നിടാതെ പരിമിതികൾക്ക് നടുവിൽ. സ്വന്തമായി ഓഫിസോ കെട്ടിടമോ ഇല്ലാതെ പാനൂരിലെ അഗ്നിരക്ഷാസേന പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പാനൂർ ഇൻസ്പെക്ഷൻ ബംഗ്ലാവിലെ (ഐ.ബി) ഒരുഭാഗത്താണ് താൽക്കാലികമായി ഓഫിസ് പ്രവർത്തിക്കുന്നത്. 35 ഓളം ഉദ്യോഗസ്ഥരാണ് രണ്ട് കൊച്ചുമുറികളിൽ നട്ടം തിരിയുന്നത്. ആകെ 42 ജീവനക്കാരാണുള്ളത്. ഏഴ് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഐ.ബിയുടെ നവീകരണപ്രവൃത്തി നടക്കേണ്ടതിനാൽ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ പി.ഡബ്ല്യൂ.ഡി അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. പകരം കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സേനാവിഭാഗം.
ഓഫിസ് സംവിധാനം മാത്രം സമീപത്തെ ക്വാർട്ടേഴ്സിലെ വാടക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സർക്കിൾ ഓഫിസായി പ്രവർത്തിച്ച പഴയ കെട്ടിടമോ ടൗണിലെ മറ്റേതെങ്കിലും കെട്ടിടമോ അഗ്നിശമനസേനക്ക് ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ആധുനിക സംവിധാനത്തിൽ കെട്ടിടം പണിയാൻ നടപടികളായെങ്കിലും എല്ലാം കുരുക്കിലാണ്. പൊലീസ് വകുപ്പിന്റെ കീഴിലുള്ള അര ഏക്കർ സ്ഥലം അഗ്നിരക്ഷാസേനക്ക് കൈമാറിയതാണ്. പൊലീസ് ക്വാർട്ടേഴ്സിന് സമീപത്താണ് നിർദിഷ്ട ഓഫിസ് പണിയുന്നത്. സർക്കാർ നാലു കോടി രൂപ
ഇതിനായി നീക്കിവെച്ച് ടോക്കൺ തുകയായി ഒരുകോടി അനുവദിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും എല്ലാം തയാറായെങ്കിലും പ്രാഥമികമായി നടക്കേണ്ട കാര്യങ്ങൾപോലും ഇപ്പോഴും മെല്ലെപ്പോക്കിലാണ്. സാങ്കേതികാനുമതി ലഭിക്കേണ്ടതുണ്ട്, അതിനുശേഷമേ ടെൻഡർ നടക്കുകയുള്ളൂ. സ്ഥലത്തെ മണ്ണു പരിശോധനഫലം വന്നിട്ടില്ല. ഇതിനുശേഷമേ കെട്ടിടം പണി ആരംഭിക്കാൻ കഴിയുകയുള്ളൂ.
കാലപ്പഴക്കം കാരണം ഉപയോഗിക്കാൻ കഴിയാത്ത ഒരു ജീപ്പാണ് അഗ്നിശമനസേനക്കുള്ളത്. 2002 വർഷത്തെ രജിസ്ട്രേഷനുള്ള ജീപ്പ് ഏതുനിമിഷവും കട്ടപ്പുറത്തായേക്കും. രണ്ട് വലിയ വാഹനങ്ങൾ ഉണ്ടെങ്കിലും ഒന്ന് ഏറെ പഴക്കമുള്ളതാണ്. ഇവയെല്ലാം സേനയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.