സ്നേഹ ഭവനത്തിൽ സ്വരാഗിന് ഇക്കുറി പൊന്നോണം
text_fieldsപാനൂർ: സഹപാഠിക്കൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് കോവിഡെന്ന മഹാമാരി പോലും വിദ്യാർഥികൾക്ക് മുന്നിൽ തടസ്സമായില്ല. ഒടുവിൽ 10.20 ലക്ഷത്തിന് വീട് നിർമാണം പൂർത്തിയാക്കിയപ്പോൾ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന് അത് മറ്റൊരു നേട്ടമായി.
ഫണ്ട് സ്വരൂപിക്കാൻ 100 രൂപയുടെ കൂപ്പണുകൾ രണ്ടു ബാച്ചിലെ 200 ഓളം കുട്ടികൾക്ക് നൽകി. നൂറുകണക്കിന് വീടുകളിൽ ഇവർ കൂപ്പണുകളുമായെത്തി. അങ്ങനെ കുറ്റിയടിച്ചു തറകെട്ടി നിർമാണം ആരംഭിച്ചു.
ഒഴിവുസമയങ്ങളിൽ മണ്ണ് നീക്കിയും കല്ല് ചുമന്നും വെള്ളം നനച്ചും എൻ.എസ്.എസ് വളൻറിയർമാരായ കുട്ടികൾ പഠിച്ചത് അധ്വാനത്തിെൻറയും വിയർപ്പിെൻറയും പാഠം കൂടിയായിരുന്നു. പാനൂർ നഗരസഭ കൗൺസിലർ പറമ്പത്ത് ഹരീന്ദ്രനാണ് നിർമാണ സമിതി ചെയർമാൻ. നിർമാണ സാമഗ്രികൾ സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തി.
നിർമാണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോഴാണ് പ്രതീക്ഷകൾ തെറ്റിച്ച് കോവിഡിെൻറ വരവ്. ചെറിയ ഇടവേളക്കുശേഷം ആവേശം ചോരാതെ അകലംപാലിച്ച് നിയന്ത്രണങ്ങളോടെ കുട്ടികൾ നിർമാണത്തിൽ സജീവമായി.
അഭിയുക്ത്, ആകാശ്, വിസ്മിൻ, ആഗ്നേയ്, അരുൺ, അർജുൻ തുടങ്ങിയ വിദ്യാർഥികൾ നേതൃത്വം വഹിച്ചു.
തെയ്യംകലാകാരൻ കൂടിയായ സ്വരാഗും രണ്ട് സഹോദരങ്ങളും അച്ഛനും അമ്മയും ഞായറാഴ്ച പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ കെ. മുരളീധരൻ എം.പിയും അതിഥിയായെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.