അമ്മയും കുഞ്ഞും ആശുപത്രി നിർമാണം 18 മാസം കൊണ്ട് പൂർത്തിയാക്കും -സ്പീക്കർ
text_fieldsപാനൂർ: തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അമ്മയും കുഞ്ഞും ആശുപത്രിക്ക് സ്ഥലമെടുക്കുന്നതിൽ ഏറ്റവും ആവേശകരമായ ജനകീയ സഹകരണമാണ് കണ്ടത്.
കോടിയേരി ബാലകൃഷ്ണനായിരുന്നു ഈ മാതൃകയുടെ പ്രയോക്താവ്. ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങൾ കാരണം കാലതാമസമുണ്ടായെങ്കിലും ഇപ്പോൾ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. തലശ്ശേരി ജനറൽ ആശുപത്രി വികസനം വഴിമുട്ടിയ നിലയാണ്. അതിനാൽ ജനറൽ ആശുപത്രി പൂർണമായി കണ്ടിക്കലേക്ക് മാറ്റാനാണ് തീരുമാനം.
ഇതിനടുത്ത് തന്നെയാണ് മലബാർ കാൻസർ സെന്റർ. 16 നിലകളിൽ മികച്ച നിലയിൽ അന്താരാഷ്ട്ര നിലവാരത്തോടെയുള്ള കാൻസർ ചികിത്സ സൗകര്യം എം.സി.സിയിൽ ഒരുങ്ങുകയാണ്. അതോടെ ഈ മേഖല മെഡിക്കൽ ഹബ്ബായി മാറും. ഫാമിലി ഹെൽത്ത് സെന്ററിന്റെ പൂർണാർഥത്തിലുള്ള വികസനത്തിന് ജനകീയ സഹകരണം കൂടി ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു.
ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമ, ജില്ല പഞ്ചായത്ത് അംഗം ഇ. വിജയൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല, സ്ഥിരംസമിതി ചെയർപേഴ്സൻ എൻ.എസ്. ഫൗസി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. നിഖിൽ, പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.വി. സുഭാഷ്, പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുല്ല, കെ.കെ. ശശിധരൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, കെ.ടി. സമീർ, മെഡിക്കൽ ഓഫിസർ ഡോ. അതുല്യ എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം ഡി.പി.എം ഡോ. കെ.പി. അനിൽകുമാർ, ജില്ല ആർദ്രം നോഡൽ ഓഫിസർ ഡോ. കെ.സി. സച്ചിൻ, കണ്ണൂർ അസി. എക്സി. എൻജിനീയർ സി.എം. ജാൻസി എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജീജ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.