പാനൂരിൽ ഇന്നു മുതൽ വീണ്ടും ഗതാഗത പരിഷ്കരണം
text_fieldsപാനൂർ: പാനൂർ ടൗണിനെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് പരിഷ്കരണം ഉൾപ്പെടെയുള്ള പദ്ധതിയുമായി വീണ്ടും നഗരസഭയും പൊലീസും രംഗത്ത്. പല പ്രാവശ്യം ഗതാഗത പരിഷ്കരണം നടപ്പാക്കിയെങ്കിലും ഇതുവരെ വിജയത്തിലെത്തിക്കാനോ തുടർച്ച ഉറപ്പാക്കാനോ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരമാവധി ഗൃഹപാഠം ചെയ്ത് നഗരസഭയും പൊലീസും വീണ്ടും പരിഷ്കരണശ്രമം ആരംഭിക്കുന്നത്. ഗതാഗതപരിഷ്കരണം ഇന്നു മുതൽ വീണ്ടും നിലവിൽ വരും. ട്രാഫിക് നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം.
ഇന്നുമുതൽ ഒരാഴ്ച ബോധവത്കരണ യജ്ഞവും നടത്തും. അടുത്താഴ്ച വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങും. ടാക്സി- സ്വകാര്യ വാഹന പാർക്കിങ്ങിലും മാറ്റം വരും.
ജനുവരി അവസാനത്തോടെ ടൗൺ ജങ്ഷനിൽ സിഗ്നൽ ലൈറ്റ് സംവിധാനവും നിലവിൽവരുമെന്ന് നഗരസഭാധ്യക്ഷൻ വി.നാസർ, ഉപാധ്യക്ഷ പ്രീത അശോകൻ, പാനൂർ പ്രിൻസിപ്പൽ എസ്.ഐ സി.സി. ലതീഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.പി. ഹാഷിം, ടി.കെ. ഹനീഫ, ആശിഖ ജുംന എന്നിവർ പറഞ്ഞു. കെ.പി.മോഹനൻ മുൻകൈ എടുത്താണ് സിഗ്നൽ സംവിധാനം നടപ്പാക്കുന്നത്. പ്രവാസി വ്യവസായിയായ കെ. സൈനുൽ ആബിദീെൻറ സഹകരണത്തിൽ ജങ്ഷനിൽ ആധുനിക കാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മാറ്റങ്ങൾ ഇങ്ങനെ
കൂത്തുപറമ്പ് റോഡിലെ ടാക്സി സ്റ്റാൻഡ് പുത്തൂർ റോഡിലെ പഴയ വില്ലേജ് ഓഫിസ് പൊളിച്ച സ്ഥലത്തേക്കു മാറ്റും. കൂത്തുപറമ്പ് റോഡിലെ ടാക്സികളാണ് പാർക്ക് ചെയ്യേണ്ടത്. സ്വകാര്യ വാഹനങ്ങൾക്ക് കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തും അയ്യപ്പക്ഷേത്രം കനാൽ പരിസരത്തും പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കും. ടൗണിൽ ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് ബോർഡുകൾ സ്ഥാപിക്കും.
പൊലീസ് സ്റ്റേഷൻ പരിസരം, കനാൽ മുതൽ ഗുരുസന്നിധിവരെ, ബസ് സ്റ്റാൻഡ് ബേസിൽ പീടിക റോഡിൽ ഒരുവശം, നജാത്തുൽ ഇസ്ലാം സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ഒരുവശത്ത് സ്വകാര്യ കാറുകൾ പാർക്ക് ചെയ്യാം. ബസ് സ്റ്റാൻഡ് ക്ലോക്ക് ടവറിനു താഴെ, റോയൽ പെയിന്റ് കടയുടെ മുൻവശം, മോഡേൺ ഹാർഡ്വേറിനു മുൻവശം, നജാത്ത് സ്കൂൾ പരിസരം, കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം, മാവേലി സ്റ്റോർ ഭാഗം എന്നിവിടങ്ങളിൽ ഇരു ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
രജിസ്ട്രാർ ഓഫിസ് കവാടം മുതൽ പഴയ നഗരസഭ ഓഫിസ് വരെയാണ് ഓട്ടോ സ്റ്റാൻഡ്. ടെംപോ സ്റ്റാൻഡ് നിലവിലെ സ്ഥിതി തുടരും.തലശ്ശേരി റോഡിൽനിന്ന് സ്റ്റാൻഡിലേക്ക് വരുന്നത് ബൈപാസ് വഴി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. പുത്തൂർ ഭാഗത്തുനിന്ന് വരുന്ന ബസുകളും പൂക്കോം ഭാഗത്തേക്കു പോകേണ്ട മറ്റു വാഹനങ്ങളും ബൈപാസ് വഴി പോകണം.
ചമ്പാട് റോഡിലെ മാർക്കറ്റിൽ ചരക്കുവണ്ടികൾ നിർത്തിയിടുന്നതിന് സമയക്രമം ഏർപ്പെടുത്തി. രാവിലെ എട്ടു മുതൽ 10വരെയും വൈകീട്ട് മൂന്നു മുതൽ 5.30വരെയും ചമ്പാട് റോഡിൽ വാഹനം പാർക്ക് ചെയ്യരുത്. ഒരു സമയത്ത് ഒരു ലോറി എന്ന ക്രമീകരണം വരുത്തും. പൂക്കോം ഭാഗത്തുനിന്ന് ചമ്പാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ നജാത്തുൽ ഇസ്ലാം സ്കൂളിനു സമീപത്തുകൂടി കടന്നുപോകുന്ന ഇട റോഡിൽ കൂടി ചമ്പാട് റോഡിലേക്ക് പ്രവേശിക്കണം.
ചമ്പാട് റോഡിൽ നിന്ന് കൂത്തുപറമ്പ് റോഡിലേക്ക് പ്രവേശിക്കേണ്ട സ്വകാര്യ വാഹനങ്ങൾ ബി.എസ്.എൻ.എൽ ഓഫിസ് റോഡു വഴി കടന്നുപോകണം. രണ്ട് റോഡുകളിലും വൺവേ സംവിധാനം ഏർപ്പെടുത്തും. പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ ഖുർആൻ കോളജ് റോഡ് വഴി കൂത്തുപറമ്പ് റോഡിലേക്ക് പ്രവേശിക്കണം. പൂക്കോം ഭാഗത്തുനിന്ന് പാറാട്, കൈവേലിക്കൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബസ് സ്റ്റാൻഡ് വഴി ബൈപാസ് റോഡിലൂടെ കടന്നു പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.