വിഷ്ണുപ്രിയ വധം; കണക്കുകൂട്ടൽ പിഴച്ചു, കനത്തശിക്ഷ
text_fieldsപാനൂർ: വള്ള്യായി നടമ്മലിലെ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ കണക്കുകൂട്ടൽ തെറ്റി. 14 വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് 39ാം വയസ്സിൽ പുറത്തിറങ്ങാമെന്നായിരുന്നു ശ്യാംജിത്ത് അന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ, ജീവപര്യന്തത്തിനപ്പുറം കടുത്ത വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
ജീവപര്യന്തം തടവിന് പുറമെ രണ്ടുലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കടന്നതിന് 10 വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.
ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികളും മറ്റും സാമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് പ്രതി മനസ്സിലാക്കിയത്. മുമ്പ് ഒരുക്രിമിനൽ കേസിലും പ്രതിയല്ലാത്ത ശ്യാംജിത്ത് പ്രതികാരം തീർക്കാൻ കൊലപാതകം തിരഞ്ഞെടുക്കുകയായിരുന്നു. വിഷ്ണുപ്രിയയുടെ വീടിന് തൊട്ടടുത്തെല്ലാം വീടുകൾ ഉണ്ടെങ്കിലും പട്ടാപ്പകൽ കൊലപാതകം നടത്തി ആരുടെയും പിടിയിലാകാതെ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. 2022 ഒക്ടോബർ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
2023 സെപ്റ്റംബർ 21 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകും മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.