പാപ്പിനിശ്ശേരിയിൽ ദേശീയപാതയോരം വീണ്ടും മാലിന്യം തള്ളൽ കേന്ദ്രമായി
text_fieldsപാപ്പിനിശ്ശേരി: ദേശീയ പാതയോരം വീണ്ടും മാലിന്യം തള്ളൽ കേന്ദ്രമാകുന്നു. പാപ്പിനിശ്ശേരി കടവ് റോഡ് കവലക്ക് സമീപം നിരവധി ചാക്കുകളിൽ നിറച്ച കെമിക്കൽ മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് മാലിന്യച്ചാക്കുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. റിയോൻ പൊളി വിനൈൽ ക്ലോറൈഡിന്റെ 25 കിലോഗ്രാം പാക്കറ്റുകളാണിവ. വ്യവസായികാവശ്യങ്ങൾക്കും കെട്ടിടങ്ങളുടെ നിലം ബലപ്പെടുത്താനും ഉപയോഗിക്കുന്ന വെള്ളപ്പൊടിയാണ് ചാക്കുകളിലുള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞതിനാലാണ് പാതയോരത്ത് തള്ളിയതെന്ന് സംശയിക്കുന്നു.
ഇതേ പാതക്കരികിൽ രാത്രി കക്കൂസ് മാലിന്യം, അറവ് മാലിന്യം, ചത്ത, ആട് മാടുകൾ തുടങ്ങിയവയും സ്ഥിരമായി തള്ളുന്നുണ്ട്. മീൻ കയറ്റി വരുന്ന ലോറികൾ റോഡരികിൽ നിറുത്തി മലിന ജലം ഒഴുക്കി ദുർഗന്ധം പരത്തുന്നതും സ്ഥിരം കാഴ്ചയാണ്.
മാലിന്യം തള്ളുന്ന സ്ഥലത്തിന് സമീപം പഴയങ്ങാടി ഭാഗത്തേക്കുള്ള യാത്രക്കാരുടെ ബസ് കാത്തിരിപ്പ് കേന്ദ്രവും ഉണ്ട്. പ്രദേശമാകെ അസഹ്യമായി ദുർഗന്ധം പരക്കുന്നതിനാൽ യാത്രക്കാർ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. കാമറകൾ റോഡുകളിൽ സ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ പിടികൂടാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.