എസ്.ഐയെ വധിക്കാൻ ശ്രമം; ഒളിത്താവളമൊരുക്കിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsപാപ്പിനിശ്ശേരി: എസ്.ഐയെ ടിപ്പർ ലോറി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച മണൽ മാഫിയകൾക്ക് ഒളിത്താവളമൊരുക്കിയ രണ്ടുപേരെ വളപട്ടണം ഇൻസ്പെക്ടർ ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മയ്യിൽ നണിയൂർനമ്പ്രത്തെ എം. മൊയ്തീൻകുട്ടി (38), കമ്പിൽ മൈതാനപ്പള്ളിയിലെ മുഹമ്മദ് സിനാൻ (24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 25ന് പുലർച്ച നാലോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാപ്പിനിശ്ശേരി പാറക്കൽ ഭാഗത്ത് മണൽവാരലും കടത്തലും സജീവമായതിനെത്തുടർന്ന് മാഫിയസംഘത്തെ തേടിയിറങ്ങിയ എസ്.ഐ ടി.എൻ. വിപിനിനെയും സി.പി.ഒ കിരണിനെയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊലീസ് വാഹനം കണ്ടാൽ തിരിച്ചറിയുമെന്നതിനാൽ സ്കൂട്ടറിൽ പോവുകയായിരുന്നു എസ്.ഐയും സഹപ്രവർത്തകനും. എന്നാൽ, പൊലീസാണെന്ന് തിരിച്ചറിഞ്ഞ് മണൽലോറി സ്കൂട്ടറിൽ ഇടിപ്പിക്കുകയായിരുന്നു. എസ്.ഐയും സി.പി.ഒയും തെറിച്ചുവീഴുകയും ചെയ്തു. രണ്ടുപേർക്കും പരിക്കേറ്റിരുന്നു. മണൽ മാഫിയ സംഘത്തിലെ റാസിക്കും റാസിഫുമായിരുന്നു വധശ്രമത്തിന് പിന്നിൽ. സ്വിഫ്റ്റ് കാറിൽ രക്ഷപ്പെട്ട റാസിക്കിനെയും റാസിഫിനെയും മൊയ്തീൻകുട്ടിയും മുഹമ്മദ് സിനാനും ചേർന്നാണ് തളിപ്പറമ്പിലെ ഒരു വീട്ടിൽ ഒളിവിൽ പാർപ്പിച്ചത്.
വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിയതോടെയാണ് പ്രതികളെ ആ വീട്ടിൽ താമസിപ്പിച്ചത്. പൊലീസ് പിന്തുടരുന്നതായി മനസ്സിലായതോടെ ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം വ്യക്തമായതോടെ വളപട്ടണം പൊലീസ് വ്യാഴാഴ്ച പുലർച്ച നണിയൂരിൽവെച്ച് മൊയ്തീൻ കുട്ടിയെയും പിന്നീട് തളിപ്പറമ്പിൽവെച്ച് മുഹമ്മദ് സിനാനെയും പിടികൂടി. എസ്.ഐ വിപിൻ, എ.എസ്.ഐ ബാബു, സി.പി.ഒ കിരൺ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.