പാപ്പിനിശ്ശേരിയിൽ പാളംതെറ്റിയ വികസനം
text_fieldsപാപ്പിനിശ്ശേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് അവഗണന. മംഗലാപുരത്തേക്ക് പോകുന്ന രോഗികളും വിദ്യാർഥികളും ഉദ്യോഗസ്ഥരും ആശ്രയിക്കുന്ന പ്രധാന സ്റ്റേഷൻ കൂടിയാണിത്.എന്നാൽ, ലോക്കൽ, പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
പരശുറാം അടക്കമുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. സമീപത്തെ ലോക്കൽ സ്റ്റേഷനുകളായ ചന്തേര, ഏഴിമല, തൃക്കരിപ്പൂർ സ്റ്റേഷനുകൾ വികസനത്തിന്റെ പാതയിൽ കുതിക്കുമ്പോൾ നൂറ്റാണ്ടു പഴക്കമുള്ള പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനെ മാത്രം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.
പ്ലാറ്റ് ഫോം ഉയരം കുറവായതിനാൽ രോഗികൾക്കും വയോധികർക്കും ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും വളരെയധികം ബുദ്ധിമുട്ടനുഭവപ്പെടുകയാണ്.പ്ലാറ്റ്ഫോമിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും രാത്രിയിൽ ദുരിതം വിതക്കുകയാണ്. കൂടാതെ മേൽപാലമില്ലാത്തതിനാൽ ട്രെയിനിറങ്ങിയാൽ പാളം മുറിച്ചുകടക്കേണ്ട സ്ഥിതിയാണ്.രണ്ടു പ്ലാറ്റ് ഫോമിലും മഴയും വെയിലും കൊള്ളാതെ നിൽക്കാൻ മേൽക്കൂര പണിയണമെന്ന് ആവശ്യവും നടപ്പായില്ല.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണം
ദൂരയാത്രക്ക് വരെ ജനങ്ങൾ ആശ്രയിച്ചിരുന്നത് പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനായിരുന്നു. ചികിത്സാർഥം മംഗലാപുരത്തും മൂകാംബിക ക്ഷേത്രത്തിലേക്കും പോകുന്നവർക്ക് ഒട്ടേറെ ഉപകാര പ്രദമായ സ്റ്റേഷനാണിത്. എന്നാൽ, അടുത്തകാലത്തായി സർക്കാറിന്റെ അവഗണനയുടെ ഭാഗമായി ഓഫിസ് ജോലികൾ സ്വകാര്യവത്കരിച്ചു. കൂടുതൽ ട്രെയിനുകൾ നിർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തിന് നിവേദനവും നല്‍കിയിട്ടുണ്ട്.
ഇ. രാഘവൻ മാസ്റ്റർ (ഏരിയ പ്രസി., പട്ടികജാതി ക്ഷേമസമിതി)
ചരിത്രം ഏറെയുണ്ട്
1907ൽ പ്രവർത്തനമാരംഭിച്ച തളിപ്പറമ്പ റോഡ് സ്റ്റേഷൻ എന്നറിയപ്പെടുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് നിരവധി പ്രതാപകാല ചരിത്രങ്ങൾ പറയാനുണ്ട്. അക്കാലത്ത് വ്യവസായ രംഗത്ത് ഉയര്‍ന്ന നിലവരം പുലര്‍ത്തിയ സ്പിന്നിങ് മില്‍, ബാലിയപട്ടം ടൈല്‍സ്, പ്ലൈവുഡ് കമ്പനികള്‍ തുടങ്ങിയ നിരവധിയായ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ മേഖലക്ക് ചരക്ക് കയറ്റിയയച്ചത് ഇവിടെ നിന്നാണ്.
ജില്ലയിലെ മലയോര മേഖലയിലുള്ള കുടിയേറ്റ ജനവിഭാഗം ഏറ്റവും കൂടുതൽ ആശ്രയിച്ച സ്റ്റേഷൻ കൂടിയായിരുന്നു. സ്വാതന്ത്ര്യ സമര പോരാട്ടക്കാലത്ത് ഡോ. ബാബു രാജേന്ദ്ര പ്രസാദ് മുതൽ നിരവധി നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഇറങ്ങിയ സ്റ്റേഷൻ കൂടിയാണ്. പ്ലൈവുഡ്, ചകിരി ഉത്പന്നങ്ങൾ പതിറ്റാണ്ടുകളോളം കയറ്റി അയച്ച സ്റ്റേഷൻ എന്ന പെരുമയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.