ഡ്രൈവറും ആംബുലൻസും റെഡി; കിലോമീറ്ററിന് 20 രൂപ മാത്രം
text_fieldsപാപ്പിനിശേരി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അഴീക്കോട് എം.എൽ.എ അനുവദിച്ച ആംബുലൻസിന് ഡ്രൈവർ റെഡി. ആംബുലൻസ് ഉണ്ട് ഡ്രൈവറില്ലെന്ന മാധ്യമം വാർത്തയെ തുടർന്നാണ് ഭരണ സമിതിയും ആശുപത്രി അധികൃതരും അടിയന്തര നടപടി സ്വീകരിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന 20 വർഷത്തെ കാലാവധി പിന്നിട്ട മിനി ബസ് ഉപയോഗയോഗ്യമല്ലാത്തതിനാൽ കട്ടപ്പുറത്താണ്. ഈ ബസ് ഡ്രൈവർക്ക് ആംബുലൻസിന്റെ ചുമതല നൽകാൻ കഴിഞ്ഞ മാസം ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഡ്രൈവറില്ലാതെ ദീർഘകാലം ഓടാതിരുന്ന വണ്ടി അപ്പോഴേക്കും കേടായി. മാസങ്ങളോളം ആബുലൻസ് ഷെഡ്ഡിൽ നിർത്തിയിട്ടതിനാൽ എലി കയറി വയറുകളും മറ്റും കടിച്ചു മുറിച്ചെന്നാണ് സമീപത്തുള്ളവർ പറയുന്നത്.
അഴീക്കോട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 12.5 ലക്ഷം രൂപ വകയിരുത്തി കഴിഞ്ഞ മാർച്ച് 31നാണ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തത്. കിലോമീറ്ററിന് 20 രൂപ ക്രമത്തിൽ വാടക ഈടാക്കാനാണ് തീരുമാനം. സർക്കാറിന്റെ അതിദരിദ്ര വിഭാഗത്തിൽപെട്ടവർക്ക് സൗജന്യമായി ആംബുലൻസ് സർവീസ് അനുവദിക്കും. ഇപ്പോൾ നിയമിതനായ സ്ഥിരം ഡ്രൈവറുടെ സേവനം പകൽ മാത്രമേ ലഭ്യമാകൂ. ഒരു ഡ്രൈവറെകൂടി നിയമിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അതുകൂടിയായാൽ മുഴുവൻ സമയ സർവിസ് ഏർപ്പെടുത്തുമെന്ന് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. അനീഷ് ബാബു മാധ്യമത്തോട് പറഞ്ഞു. ആബുലൻസ് ആവശ്യമുള്ളവർ പരമാവധി ഉപയോഗഷെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യക്കാർ ഡ്രൈവർ സനിൽ കുമാറിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 9745 78 4609.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.