വളപട്ടണത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിന് സ്ഥാനമാറ്റം
text_fieldsപാപ്പിനിശ്ശേരി: വളപട്ടണം പുഴയിൽ ബോട്ടുജട്ടിക്ക് സമീപം കേന്ദ്ര സർക്കാറിന്റെ ധനസഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ചുവരുന്ന വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് പദ്ധതിക്ക് സ്ഥാനമാറ്റം. പുതിയ തീരുമാന പ്രകാരം ഫ്ലോട്ടിങ് ബ്രിഡ്ജ് (ചങ്ങാട പാലം) പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലിൽ മാറ്റി സ്ഥാപിച്ചു തുടങ്ങി. വളപട്ടണം പാലത്തിനു താഴെയുള്ള ബോട്ടുജട്ടിക്ക് സമീപം നിർമാണം ആരംഭിച്ചെങ്കിലും ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഒരു സുരക്ഷ ക്രമങ്ങളും ഏർപ്പെടുത്താത്തതിനെ തുടർന്ന് കുട്ടികളടക്കമുള്ളവർ ഇതിൽ കയറി നടക്കുകയും സെൽഫിയെടുക്കുകയും രണ്ടു കുട്ടികൾ വെള്ളത്തിൽ വീഴുകയും ചെയ്തിരുന്നു. ഇതേതുടർന്ന് പ്രദേശത്തുള്ളവരിൽനിന്ന് വ്യാപക പരാതി ഉയർന്നു. ഇത് മാധ്യമം പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അപകടം മനസ്സിലാക്കി ജില്ല ഭരണകൂടം ഇടപെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് നീക്കം ചെയ്യുകയും മാസങ്ങളോളം പുഴയോരത്ത് കെട്ടിവെച്ചതിനെതുടർന്ന് നശിക്കുവാനും തുടങ്ങി.
ഇതോടെ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഇടപെടലിൽ പ്രസ്തുത പദ്ധതി പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലിലേക്ക് മാറ്റി സ്ഥാപിക്കാൻ ടൂറിസം വകുപ്പ് അനുമതി നൽകിയതോടെയാണ് പാറക്കലിൽ നിർമാണം തകൃതിയായി പുരോഗമിക്കുന്നത്. ഇതോടെ പാപ്പിനിശ്ശേരി പഞ്ചായത്തിൽ ടൂറിസത്തിന് പുത്തൻ ഉണർവുണ്ടാകുമെന്നാണ് പഞ്ചായത്ത് വിലയിരുത്തുന്നത്. ഇതോടൊപ്പം പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് അവിടെയെത്തുന്ന സഞ്ചാരികൾക്ക് ഇരിക്കാൻ ഇരിപ്പിടം ഒരുക്കും. പഞ്ചായത്തിന്റെ അധീനതയിലുള്ള ഭഗത് സിങ് ഐലൻഡിലേക്ക് വിനോദസഞ്ചാര ബോട്ട് ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് എ.വി. സുശീലയും വൈസ് പ്രസിഡന്റ് പ്രദീപനും അറിയിച്ചു.
വളപട്ടണം പുഴയോരത്ത് ധാരാളം മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പ്രദേശമായതിനാൽ പ്രായോഗികമല്ലാത്ത സാഹചര്യം നിലനിൽക്കുന്നതായി പരാതിയുണ്ട്. കേന്ദ്രസർക്കാർ പദ്ധതിയായ വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന ടൂറിസം പദ്ധതി സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കി വരുന്നത്. ഒരു കോടി 90 ലക്ഷം രൂപയുടെ പദ്ധതി ചെലവ്.
എന്താണ് വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ്
കേന്ദ്ര ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നാട്ടിലെയും വിദേശത്തേയും ടൂറിസ്റ്റുകളെ ആകർഷിക്കാൻ നടപ്പാക്കി വരുന്നതാണ് ഫ്ലോട്ടിങ് മാർക്കറ്റ്. കരയിലേതു പോലെ പുഴയിൽ പൊങ്ങിക്കിടക്കുന്ന തരത്തിൽ മാർക്കറ്റ്, റസ്റ്റാറന്റ്, പക്ഷിത്തൂണുകൾ, ഏറുമാടം, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപനയുമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കാൻ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധ സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഒരു കോടി 90 ലക്ഷത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നത്.
സാങ്കേതിക കാരണങ്ങളാൽ നിർത്തിവെച്ച പദ്ധതി തുടരാൻ കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാറിന്റെ തീരുമാനത്തോടെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കലിലേക്ക് മാറ്റുന്നത്. മൂന്നുമാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭീമമായ നഷ്ടം നേരിട്ടുവരുന്നതായി കരാറുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.