വളപട്ടണം പുഴ; മാലിന്യ സംഭരണശാലകളായി ഫ്ലോട്ടിങ് ബ്രിഡ്ജുകൾ
text_fieldsപാപ്പിനിശ്ശേരി: പുഴയോര വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുന്നതിന് വളപട്ടണം പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജുകൾ മാലിന്യ സംഭരണ ശാലകളായി മാറി. പാപ്പിനിശ്ശേരിയിലും പാറക്കലിലും പറശ്ശിനിക്കടവിലും സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യക്കൂമ്പാരത്താൽ മൂടി കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
കാലവർഷം കനത്തതോടെ മലയോര മേഖലയിൽ നിന്നുൾപ്പെടെ വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ ഒരു ഭാഗം പൂർണമായും പുഴയിൽ സ്ഥാപിച്ച ഫോട്ടിങ് ബ്രിഡ്ജിനരികെ തങ്ങിനിൽക്കുകയാണ്. മഴയും പുഴയിലെ ഒഴുക്കും കൂടുന്നതനുസരിച്ച് തങ്ങിനിൽക്കുന്ന മാലിന്യങ്ങളുടെ അളവും നാൾക്കുനാൾ കൂടിവരികയാണ്. ഫ്ലോട്ടിങ് ബ്രിഡ്ജിന് സമീപം പാറക്കലിൽ സ്ഥാപിച്ച ബോട്ട് ടെർമിനലിനും മാലിന്യംഅടിഞ്ഞുകൂടിയിട്ടുണ്ട്.
നിർമാണം പൂർത്തിയായിട്ടും തുടർനടപടികളില്ല
പാപ്പിനിശ്ശേരിയിലെ പാറക്കലിൽ സൗകര്യങ്ങളോടെ നിർമിച്ച ബോട്ട് ടെർമിനലും വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ജും നിർമാണം പൂർത്തിയായിട്ടും തുടർ നടപടികളില്ലാതെ കിടക്കുന്നു. കേന്ദ്ര സർക്കാറിന്റെ ധനസഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയത് . ഇതിന് പാറക്കലിൽ മാത്രം ഒരു കോടി 90 ലക്ഷമാണ് പദ്ധതി ചെലവ്. ഇതേ ഫ്ലോട്ടിങ് ബ്രിഡ്ജ് വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് ആദ്യം നിശ്ചയിച്ചത്. അതനുസരിച്ച് നിർമാണവും തുടങ്ങിയിരുന്നു. സമാന രീതിയിൽ കഴിഞ്ഞ വർഷവും വളപട്ടണത്ത് ഫ്ലോട്ടിങ് ബ്രിഡ്ജിൽ മാലിന്യം കുമിഞ്ഞു കൂടിയതിനെ തുടർന്ന് നാട്ടുകാർ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് അവ മാസങ്ങളോളം കരയിൽ കൂട്ടിയിടുകയും ചെയ്തു. ആ സാമഗ്രികളാണ് പിന്നീട് പാറക്കലിൽ എത്തിച്ച് ഫ്ലോട്ടിങ് ബ്രിഡ്ജും ടെർമിനലും നിർമിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ട്.
പ്രദേശവാസികൾ ആശങ്കയിൽ
മാലിന്യം പ്രദേശത്ത് നിറഞ്ഞതോടെ ആശങ്കയിലായി പാറക്കൽ നിവാസികൾ. ആയിരക്കണക്കിന് തീർഥാടകരും വിനോദ സഞ്ചാരികളും എത്തുന്ന മേഖലയാണിത്. കെട്ടിക്കിടക്കുന്ന പലതരം മാലിന്യങ്ങൾ തങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുമോ എന്ന വേവലാതിയാണ് പ്രദേശവാസികളും പങ്കു വെക്കുന്നത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഇവിടെ തങ്ങിനിൽക്കുന്നുണ്ട്. മാലിന്യം കെട്ടിക്കിടക്കാതിരിക്കാൻ ബ്രിഡ്ജിന്റെ സാമപ്രഹികൾ കാലവർഷ കാലത്ത് കരക്ക് എത്തിച്ച് മഴക്കാലത്തിന് ശേഷം പുഴയിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
വിഭാവനം ചെയ്തത് ഫ്ലോട്ടിങ് മാർക്കറ്റ്
കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ ദേശീയ- അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഫ്ലോട്ടിങ്ങ് ബ്രിഡ്ജിനോടൊപ്പം മാർക്കറ്റും വിഭാവനം ചെയ്തത്. ഭക്ഷണശാലകളം പക്ഷി തൂണുകളും ഏറുമാടവും കരകൗശലവിൽപ്പന ശാലകളും അടക്കം ഫ്ലോട്ടിങ് മാർക്കറ്റിൽ ഒരുക്കേണ്ടതുണ്ട്. എന്നാൽ ദീർഘ വീക്ഷണമില്ലാതെ കോടികൾ മുടക്കി നിർമിക്കുന്ന പദ്ധതികൾ പലതും വ്യക്തമായ മോണിറ്ററിങ്ങ് പോലും നടത്താതിനാൽ വിനോദ സഞ്ചാരികളെ അകറ്റുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.