ദേശീയപാത വികസനം: പുതിയപാലം രൂപരേഖക്ക് അനുമതിയായി; പ്രവൃത്തി തകൃതി
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി വളപട്ടണം പുഴയിലെ തുരുത്തിയില്‍ പാലം നിർമാണത്തിനുള്ള സാങ്കേതിക തടസ്സം ഒഴിവായി. പുതിയ രൂപരേഖക്ക് ഏതാനും ദിവസം മുമ്പാണ് അന്തിമ അനുമതി ലഭിച്ചത്. ഇതോടെ പാലം നിർമാണ പ്രവൃത്തിക്ക് വേഗം കൂട്ടി. പുഴയിലെ പൈലിങ് പ്രവൃത്തികൾ ത്വരിത ഗതിയിൽ മുന്നോട്ട് പോകുകയാണ്.
തുരുത്തി ഭാഗത്ത് നിന്നും കോട്ടക്കുന്ന് ഭാഗത്ത് നിന്നും പുഴയിലേക്ക് 100 മീറ്ററിലധികം ദൂരത്തിൽ മണ്ണിട്ട് വഴിയൊരുക്കിയിട്ടുണ്ട്. പുതുതായി നിർമിക്കുന്ന വലിയ പാലങ്ങളിലൊന്നാണ് തുരുത്തി - വളപട്ടണം പാലം. ആദ്യം ഉണ്ടാക്കിയ രൂപ രേഖമാറ്റം വരുത്താൻ നിർദേശം വന്നതിനെ തുടർന്ന് മാസങ്ങളായി പാലം നിർമാണ പ്രവൃത്തി മന്ദഗതിയിലായിരുന്നു. എന്നാൽ കണ്ണൂർ ബൈപാസിലെ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ പ്രവൃത്തികൾ നടന്നത് തുരുത്തി മേഖലയിലാണ്.
കണ്ടൽ വനമേഖല ഉൾപ്പെടെ വേളാപുരം ദേശീയ പാത മുതൽ തുരുത്തി വരെ മണ്ണിട്ട് നികത്തിയതോടെ റോഡ് നിർമാണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയാക്കി. നിരവധി യന്ത്രസാമഗ്രികളും സ്ഥലത്ത് എത്തിച്ചിരുന്നു. ഇതോടൊപ്പം തൊഴിലാളികൾക്ക് താമസിക്കാനുള്ള ഹട്ടുകളും നിർമാണത്തിനുള്ള വിവിധ തരം സാമഗ്രികളുടെ സംഭരണശാലയും ഒരുക്കി. പുതിയ പാലത്തിന് മാത്രം 700 മീറ്റർ നീളവും 16ൽ അധികം സ്പാനുകളും ഉണ്ടാകും. അധികരിച്ച സ്പാനുകളും പാലത്തിന്റെ അപ്രോച്ചും അടക്കം ഒരു കി.മീ. ദൈർഘ്യം ഉണ്ടാകും.
പുതിയ പാലത്തിന് 190 കോടി ചെലവ്
ആദ്യ ഡി.പി.ആർ പ്രകാരം തുരുത്തി പാലത്തിന് 130 കോടിയാണ് ചെലവ് കണക്കാക്കിയത്. എന്നാൽ രൂപ രേഖയും മറ്റു മാറ്റങ്ങളും വന്നതോടെ പുതിയ പാലത്തിന് 190 കോടിയോളം വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പാലം നിർമാണത്തിന്റെ ആദ്യ ഘട്ടമായി കരഭാഗത്ത് വേഗത്തിൽ പൈലിങ്ങ് പ്രവൃത്തികളും ബെർജിന്റെ നിർമാണവും പൂർത്തിയാക്കിയിരുന്നു.
എന്നാൽ പാലത്തിന്റെ രൂപരേഖക്ക് ഇൻലാന്റ് നാവിഗേഷന്റെ നിബന്ധനകൾ വന്നതോടെയാണ് ആദ്യ ഡി.പി.ആർ അനുസരിച്ചുള്ള രൂപരേഖയിൽ കാര്യമായ മാറ്റം വേണമെന്ന നിർദേശം ഉയർന്നത്. ആ നിർദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ രൂപരേഖ തയാറാക്കിയത്.
മധ്യഭാഗത്തെ ഒരു സ്പാൻ 50 മീറ്റര്‍ നീട്ടുന്നതിനും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ ഏറ്റവും ഉയർന്ന വെള്ളപ്പൊക്കമുണ്ടായ നിലവാരത്തില്‍ നിന്നും ആറു മീറ്റർ ഉയർത്താനുമാണ് പുതിയ തീരുമാനം. അതിന്റെ ഭാഗമായി മറ്റ് സ്പാനുകളും സമാനമായ രീതിയിൽ ഉയരത്തിനും നീളത്തിലും മാറ്റമുണ്ടാകും.
കോൺക്രീറ്റ് പാനൽ സാമഗ്രികളുടെ നിർമാണവും തുരുത്തി കേന്ദ്രമായാണ് നടക്കുന്നത്. രാവും പകലും നൂറു കണക്കിന് തൊഴിലാളികളാണ് ഈ മേഖല കേന്ദ്രീകരിച്ച് മാത്രം പണിയെടുക്കുന്നത്. പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി വളപട്ടണം പുഴയിൽ 32 മീറ്റർ താഴ്ചയിൽ പൈലിങ്ങ് നടത്തിയാണ് പാറയുടെ സ്ഥാനം കണ്ടെത്തിയത്. പൈലിങ്ങിന് ശേഷം അടിഭാഗത്തെ പാറയുടെ അവശിഷ്ടം വിദഗ്ദ പരിശോധനക്ക് അയച്ച് അനുമതി ലഭിച്ചതിന് ശേഷമായിരിക്കും തൂണുകളുടെ നിർമാണം തുടങ്ങുക.
കൊൺഗ്രീറ്റിനു ഉപയോഗിക്കുന്ന സ്റ്റീല്‍ കമ്പികള്‍ വിദഗ്ദ പരിശോധനക്കു ശേഷം പച്ച നിറം പൂശി സ്ഥലത്തെത്തി. സമാനമായ നിലയില്‍ മറുകരയായ കോട്ടക്കുന്നിലും പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.