കല്ലൂരിക്കടവ് പാലം യാഥാർഥ്യത്തിലേക്ക്
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്ന കല്ലൂരിക്കടവ് പാലം യാഥാർഥ്യമാകുന്നു. പാപ്പിനിശ്ശേരി-നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലത്തിന്റെ പ്രാരംഭനടപടിയായ മണ്ണുപരിശോധനക്കു തുടക്കമായി. പാപ്പിനിശ്ശേരി, അരോളി, മാങ്കടവ്, കല്ലൂരി, കിച്ചേരി, പാറക്കൽ, വടേശ്വരം എന്നീ പ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യത്തിന് വളരെ ഏറെ ഉപകരിക്കുന്നതാണ് കല്ലൂരിക്കടവ് പാലം.
ഇരു പ്രദേശങ്ങളിലെയും ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നപദ്ധതികൂടിയാണ് പാലം. 2017ൽ പാലത്തിന് ഭരണാനുമതി ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ നടപടികൾ നീണ്ടുപോവുകയാണുണ്ടായത്.
കെ.വി. സുമേഷ് എം.എൽ.എ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചതോടെ പാലം നിർമാണത്തിന്റെ കുരുക്കഴിയുകയായിരുന്നു. പ്രവൃത്തി കിഫ്ബിക്ക് കൈമാറിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അതിന്റെ ഭാഗമായി കിഫ്ബിയും കേരള റോഡ് ഫണ്ട് ബോർഡും പാലത്തിന്റെ രൂപരേഖ തയാറാക്കിയിരുന്നു.
പാലത്തിന്റെയും അപ്രോച് റോഡിന്റെയും നിർമാണം ഉൾപ്പെടുത്തിയ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സർക്കാറിലേക്കയച്ചു. കോഴിക്കോട് റീജനൽ ഓഫിസിൽ നിന്നുള്ള സംഘം മണ്ണുപരിശോധന ഇതിനകം പൂർത്തിയാക്കി. പാലം നിർമാണത്തിനുള്ള രൂപരേഖ പൂർത്തിയായി സാങ്കേതിക അനുമതി ലഭിച്ചാൽ അപ്രോച് റോഡിന്റെ സ്ഥലമെടുപ്പ് പൂർത്തിയാക്കും.
തുടർന്ന് പ്രവൃത്തി ഊർജിതമായി ആരംഭിക്കും. ആദ്യം 50 മീറ്റർ നീളത്തിലായിരുന്നു അപ്രോച് റോഡ് തീരുമാനിച്ചത്. ഇത് പിന്നീട് അത് 800 മീറ്ററാക്കി വർധിപ്പിച്ചു. 25 കോടിയുടെ ഭരണാനുമതിയാണെങ്കിലും 40 കോടിയോളം രൂപയുടെ ചെലവ് വേണ്ടിവരുമെന്നാണ് നിഗമനം.
365 മീറ്റർ നീളവും 11 മീറ്റർ വീതിയും
നിർമാണം പൂർത്തിയാകുമ്പോൾ പാലത്തിന് 365 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ടാകും. അതിൽ 7.5 മീറ്റർ ടാർ ചെയ്യും. ഇരുവശങ്ങളിലും ഒന്നര മീറ്ററിൽ നടപ്പാത നിർമിക്കും. കൂടാതെ, 72 മീറ്ററിൽ കൈവരികളും നിർമിക്കും.
പാപ്പിനിശ്ശേരി പഞ്ചായത്തിൽ 800 മീറ്ററും നാറാത്ത് പഞ്ചായത്തിൽ 1140 മീറ്റർ നീളത്തിലും അനുബന്ധ റോഡും നിർമിക്കും. ഇതിനാവശ്യമായ സ്ഥലമേറ്റെടുപ്പും ഉടൻ തുടങ്ങും. കിഫ്ബിയുടെ സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് പാലത്തിന്റെ ടെൻഡർ നടപടിയും ആരംഭിക്കും.
രണ്ടു വർഷത്തിനകം പാലം യാഥാർഥ്യമാകുമെന്നാണ് കണ്ണൂർ കിഫ്ബി അധികൃതർ അറിയിച്ചത്. കല്ലൂരിക്കടവ് പാലവും ദേശീയപാതയിലെ പുതിയ വളപട്ടണം പാലവും പ്രാവർത്തികമാകുന്നതോടെ നിലവിലുള്ള ദേശീയ പാതയിലെ വാഹനക്കുരുക്കും പുതിയ തെരുവിലെ കടുത്ത വാഹനക്കുരുക്കും ഇല്ലാതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.