കണ്ണൂർ ബൈപാസ്: 'വഴിമുടക്കി' ദേശീയപാത വികസനം
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുമ്പോൾ സമീപത്തെ ചെറുറോഡ് ഇല്ലാതാകുന്നതോടെ നിരവധി കുടുംബങ്ങളുടെ വഴിമുട്ടും.കണ്ണൂർ ബൈപാസിൽ ദേശീയപാതയുടെ ആറുവരിപ്പവത മണ്ണിട്ടുയർത്തുമ്പോൾ വേളാപുരത്ത് നിന്ന് തുരുത്തിവരെ പോകുന്ന റോഡ് നിർമാണത്തെക്കുറിച്ചാണ് നാട്ടുകാരിൽ പ്രതിഷേധം ശക്തമായത്. ബൈപാസിനെ മുറിച്ചുപോകുന്ന, കാലങ്ങളായി പ്രദേശവാസികൾ സഞ്ചരിക്കുന്ന പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കൽ റോഡ് അടച്ചുകൊണ്ടുള്ള നിർമാണമാണ് ഇപ്പോള്‍ നടക്കുന്നത്.
പുതിയപാത വരുന്നതോടെ പാപ്പിനിശ്ശേരി പഞ്ചായത്തിന് കിഴക്കുവശം താമസിക്കുന്ന 5000ത്തോളമാളുകളുടെ നിലവിലുള്ള സഞ്ചാരം തടയപ്പെടും. കല്ലൂരി, പാറക്കൽ, ഈന്തോട്, മോറോന്നുമ്മൽ, തുരുത്തിക്കൊവ്വൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ആളുകൾ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന റോഡാണിത്. കല്ലൂരി -പാപ്പിനിശ്ശേരി പഞ്ചായത്ത് റോഡിൽ നിന്ന് ദേശീയപാതയിലേക്കും തിരിച്ചും പ്രവേശിക്കാനുള്ള പ്രധാന വഴിയാണ് നഷ്ടപ്പെടുന്നത്. പഞ്ചായത്ത് ഓഫിസ്, ബാങ്കുകൾ, ആശുപത്രികൾ, മാവേലി സ്റ്റോർ, വിഷ ചികിത്സാലയം, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഏക വഴിയാണിത്.
പാപ്പിനിശ്ശേരിയെ നാറാത്തുമായി ബന്ധിപ്പിക്കുന്ന പുതിയ കല്ലൂരിക്കടവ് പാലത്തിന്റെ അപ്രോച്ച് പാത വികസിപ്പിക്കേണ്ടതും ഇതേറോഡുവഴിയാണ്. ദീർഘകാലം പാപ്പിനിശ്ശേരി പഞ്ചായത്ത് വഴി പാറക്കലിലേക്ക് ബസുകളടക്കം സർവിസ് നടത്തിയിരുന്നു. പാറക്കൽ പട്ടികജാതി കോളനി, ഈന്തോട് പട്ടികജാതി കോളനികളിലേക്കുള്ള വഴിയും ഇതോടെ അടയും. പാറക്കൽ റോഡിനെ മുറിച്ചുള്ള പുതിയ ബൈപാസ് നിലവിലെ റോഡിൽ നിന്ന് രണ്ട് മീറ്ററിലധികം ഉയരുമെന്നാണ് കരുതുന്നത്. ഇതോടെ ഇരുഭാഗത്തേക്കും കാൽനട പോലും അസാധ്യമാകും.
റോഡ് അടഞ്ഞാൽ പാപ്പിനിശ്ശേരിയുടെ കിഴക്ക് ഭാഗത്തെ ആളുകൾക്ക് പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നതിനു പോലും വളത്ത വഴികളിലൂടെ കിലോമീറ്ററുകളോളം താണ്ടേണ്ടി വരും.
വഴി അടക്കൽ പ്രതിഷേധാർഹം
പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ദിനം പ്രതി നൂറുകണക്കിന് ആളുകൾ പോകുന്ന പാപ്പിനിശ്ശേരി പഞ്ചായത്ത് പാറക്കൽ റോഡ് കെട്ടിയടക്കുന്ന നടപടി പ്രതിഷേധാർഹമാണ്. വിവിധ പട്ടികജാതി കോളനികളിലെ നൂറു കണക്കിനാളുകൾ പോകുന്ന പ്രധാന വഴിയാണിത്. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിരന്തരം ബന്ധപ്പെടാനുള്ള റോഡ് ഇല്ലാതാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. റോഡ് അടയുന്നതോടെ ആശുപത്രികളിലേക്ക് പോകുന്ന വയോജനങ്ങളും രോഗികളും വലയും. ഏറ്റവും എളുപ്പത്തിൽ ആശുപത്രികളിലും മാർക്കറ്റിലും ബസ് യാത്രക്കും എത്തിപ്പെടാനുള്ള റോഡാണിത്. പാറക്കൽ റോഡിലെ വഴി അടഞ്ഞാൽ പാപ്പിനിശ്ശേരി പഞ്ചായത്തിന് കിഴക്ക് ഭാഗത്തുള്ളവർ കിലോമീറ്ററുകളോളം ചുറ്റി കറങ്ങേണ്ടി വരും. ഇത്രയും വലിയ വികസനം നടപ്പാകുമ്പോൾ നിലവിലുള്ള യാത്രാസൗകര്യം നിലനിർത്താന്‍ നടപടി വേണം.
ഇ. രാഘവൻ (പട്ടിക ജാതി ക്ഷേമസമിതി ഏരിയ പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.