കെ.സി.സി.പി.എൽ വൈവിധ്യവത്കരണം രണ്ടാംഘട്ടത്തിന് തുടക്കം
text_fieldsപാപ്പിനിശ്ശേരി: സംസ്ഥാന സർക്കാറിന്റെ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ പാപ്പിനിശ്ശേരി കെ.സി.സി.പി.എൽ വൈവിധ്യവത്കരണത്തിന്റെ രണ്ടാംഘട്ടത്തിന് വേഗം കൂട്ടി. കണ്ണപുരം യൂനിറ്റിൽ 5.7 കോടി രൂപ ചെലവിട്ട് തുടങ്ങുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിങ് യൂനിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തേങ്ങാപ്പാൽ, വെർജിൻ കോക്കനട്ട് ഓയിൽ, ബേബി ഓയിൽ, ഹെയർ ഓയിൽ എന്നിവയാണ് ഇവിടെ നിന്നും ആദ്യഘട്ടം ഉൽപാദിപ്പിക്കുന്നത്. ഇതോടൊപ്പം പാഷൻ ഫ്രൂട്ട് സ്ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടർ ജ്യൂസ്, കോക്കനട്ട് ചിപ്സ് എന്നിവയും ഉണ്ടാക്കും.
നിലവിൽ സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് മാങ്ങാട്ടുപറമ്പ് ആരംഭിച്ച ഐ.ടി ഇൻകുബേഷൻ സെന്ററിൽ 200ലധികം പേർ ജോലി ചെയ്യുന്നുണ്ട്. ഈ സംരംഭത്തെ ഐ.ടി പാർക്ക് ആക്കുന്നതിനുള്ള പദ്ധതി സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബി.പി.സി.എല്ലുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ഏറ്റവും നല്ല സർവിസ് ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ മാങ്ങാട്ടുപറമ്പ്, കരിന്തളം, നാടുകാണി, കഞ്ചിക്കോട് എന്നിവിടങ്ങളിലും പെട്രോൾ പമ്പ് ആരംഭിക്കും. മാങ്ങാട്ടുപറമ്പിൽ ആരംഭിക്കുന്ന പമ്പിന്റെ നിർമാണ പ്രവൃത്തികൾ മൂന്ന് മാസത്തിനകം പൂർത്തീകരിക്കും. കെ.സി.സി.പി.എൽ ആസ്ഥാന മന്ദിരത്തിൽ ശമ്പള പരിഷ്കരണ-ബോണസ് ചർച്ചകൾക്കായി യൂനിയനുകളുടെയും മാനേജ്മെന്റിന്റെയും സംയുക്ത യോഗവും നടന്നു. ചെയർമാൻ ടി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ, ഫിനാൻസ് മാനേജർ കെ. ജിൽജിത്ത്, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധാനംചെയ്ത് കെ. മാധവൻ, ഐ.വി. ശിവരാമൻ, കെ. മോഹനൻ, വി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
കമ്പനിയിലെ എല്ലാ സ്ഥിരം ജീവനക്കാർക്കും 2021-22 വർഷത്തെ ബോണസിനുപുറമെ സർക്കാറിന്റെ അനുമതിക്ക് വിധേയമായി 5000 രൂപ വീതം ഇൻസെന്റിവ് നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.