അതിജീവനത്തിനായി കേഴുന്നു മാങ്കടവ്, കല്ലൂരി ജെട്ടികൾ
text_fieldsപാപ്പിനിശ്ശേരി: മലബാർ റിവർ ക്രൂസ് പദ്ധതിയിലെ പ്രധാന രണ്ടു ജെട്ടികൾ തകർച്ചയിൽ. നിരവധി യാത്രക്കാർ ഉപയോഗിക്കുന്നതും പഴയകാലത്ത് വ്യാപാര യാത്രാ ആവശ്യത്തിനും ഉപയോഗിച്ചിരുന്ന മാങ്കടവ്, കല്ലൂരി ജെട്ടികളാണ് അതിജീവനത്തിനായി കേഴുന്നത്.
മലബാർ റിവർ ക്രൂസ് പദ്ധതിയിൽ ഉൾപ്പെടുത്തി വളപട്ടണം പുഴയിലെ ഒട്ടുമിക്ക ബോട്ടുജെട്ടികളും നവീകരിച്ച് ഹൈടെക് പദവിയിലേക്ക് ഉയർത്തിയപ്പോഴാണ് ഈ രണ്ട് ജെട്ടികൾ നശിച്ചുകൊണ്ടിരിക്കുന്നത്.
മാങ്കടവിലെ ജെട്ടിയിൽനിന്ന് പതിറ്റാണ്ടുകളോളം കടത്തുതോണി സർവിസ് നടത്തിയിരുന്നു. വളപട്ടണം പുഴയിൽ പറശ്ശിനിക്കടവിനും മാട്ടൂലിനും ഇടയിൽ സർവിസ് നടത്തുന്ന ബോട്ടുകളിൽ നിരവധി യാത്രക്കാർ പതിവായി കയറുകയും ഇറങ്ങുകയും ചെയ്യുന്ന പ്രധാന കേന്ദ്രം കൂടിയാണിത്.
പാമ്പുതുരുത്തി, പാറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി വെസ്റ്റ്, മടക്കര, അഴീക്കൽ, മാട്ടൂൽ സൗത്ത് എന്നിവിടങ്ങളിലെ ജെട്ടികൾ നവീകരിച്ച് ബോട്ട് ടെർമിനലുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ, പ്രാധാന്യം കൊണ്ടും പെരുമ കൊണ്ടും പ്രാധാന്യമുള്ള മാങ്കടവ് ബോട്ട് ജെട്ടിയോട് കടുത്ത അവഗണനയാണ് അധികൃതരുടെ ഭാഗത്തതുനിന്നുള്ളത്.
ജെട്ടികൾ ശോച്യാവസ്ഥയിൽ
ജെട്ടികളുടെ തൂണുകൾ ദ്രവിച്ച് കമ്പികൾ പുറത്ത് തള്ളിയ നിലയിലാണ്. യാത്രക്കാർ കാത്തുനിൽക്കുന്ന ഫ്ലാറ്റ് ഫോം കോൺക്രീറ്റ് സ്ലാബ് തൂണിൽ നിന്ന് വേർപെട്ട നിലയിലാണ്. ബോട്ടുകൾ നങ്കൂരമിടാനായി കെട്ടുന്ന കോൺക്രീറ്റ് കുറ്റികൾ ദ്രവിച്ച് ഇല്ലാതായി.
ബോട്ടുകൾ ജെട്ടിയിൽ നങ്കൂരമിടാൻ കുറ്റിയുടെ അവശേഷിച്ച കമ്പിയിലാണ് കെട്ടുന്നത്. കല്ലൂരിയിലെ ജെട്ടി പൂർണമായി പുഴയെടുത്തു. ജെട്ടിയുടെ പുഴയോര ഭിത്തി ഏതുനിമിഷവും പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ഈ ജെട്ടി വഴി നാറാത്ത് ഭാഗത്തേക്കും തിരിച്ചും യാത്രക്കാർ തോണിയിൽ പോകാറുണ്ട്.
എന്നാൽ, ഇറങ്ങാൻ പോലും സംവിധാനമില്ലാത്ത ദയനീയമായ ശോച്യാവസ്ഥയിലാണ് ഈ കടവും ജെട്ടിയുമുള്ളത്. വളപട്ടണം പുഴയോരത്തെ പ്രതാപം കൊണ്ടും പെരുമ കൊണ്ടും ശ്രദ്ധേയമായ രണ്ടു ജെട്ടികളാണ് മാങ്കടവും കല്ലൂരിയും.
നാറാത്ത്, കൊളച്ചേരി, പാമ്പുതുരുത്തി, പാപ്പിനിശ്ശേരി ഭാഗത്തേക്കും തിരിച്ചും ജലഗതാഗതത്തിന് ഉപയോഗിക്കുന്നതാണ് ഇരുജെട്ടികളും. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ യാത്രക്കാർ ഏറെ ആശ്രയിക്കുന്നതും ഇതേ കടവിനെയാണ്. വളപട്ടണം പുഴയോരങ്ങളിലെ മറ്റു ജെട്ടികൾ നവീകരിച്ച് വലിയ സാധ്യതകൾ തുറന്നിടുമ്പോൾ പരമ്പരാഗതമായി ആളുകൾ ഉപയോഗിക്കുന്ന മാങ്കടവ്, കല്ലൂരി ജെട്ടികളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.