മാവോവാദി ബന്ധം; തമിഴ്നാട് സ്വദേശി കണ്ണൂരിൽ പിടിയിൽ
text_fieldsകണ്ണൂർ: മാവോവാദി സംഘടനയുമായി ബന്ധമുള്ള തമിഴ്നാട് സ്വദേശിയെ കണ്ണൂരിൽ പിടികൂടി. ഗൗതം, രവി മുരുകേഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന തമിഴ്നാട് സ്വദേശി രാഘവേന്ദ്ര എന്ന യുവാവിനെയാണ് കണ്ണൂർ പാപ്പിനിശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയത്. ഇയാൾ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ 2017 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത തീവ്രവാദ കേസിൽ പ്രതിയാണെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ അറിയിച്ചു.
കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തിയിരുന്ന കേസ് ഒരു മാസം മുമ്പാണ് എൻ.ഐ.എ ഏറ്റെടുത്തത്. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തുകയും മാവോവാദി ദിനം ആചരിക്കുകയും ചെയ്ത സംഭവത്തിലും ഇയാൾ പ്രതിയാണ്. തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ, കുപ്പു, ദേവരാജ്, അജിത എന്നിവരടക്കം 19 പേരാണ് കേസിലെ മറ്റുപ്രതികൾ.
കണ്ണൂരിൽ സംശയാസ്പദമായ രീതിയിൽ അജ്ഞാതരായ മൂന്നു പേർ വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് രവി മുരുകേഷിനെ പിടികൂടിയതെന്ന് കമീഷണർ അറിയിച്ചു. ഇയാളുടെ യഥാർഥ പേര് രാഘവേന്ദ്രയെന്നാണ്. ഇയാളിൽ നിന്നും രണ്ടു വ്യത്യസ്ത ഫോട്ടോയുള്ള ആധാർ കാർഡ് പിടിച്ചെടുത്തു. രാഘവേന്ദ്രയുടെ കൂടെ ഒരു വയനാട് സ്വദേശിയും ഡ്രൈവറും സഞ്ചരിച്ചിട്ടുണ്ട്. അവരെ കണ്ടെത്തിയിട്ടില്ല.
ഇവർ കണ്ണൂരിലെത്തിയത് ആയുധങ്ങളോ മറ്റു സാധനങ്ങളോ വാങ്ങാനാണെന്നാണ് സംശയിക്കുന്നത്. എന്നാൽ പൊലീസിനോട് മാവോവാദി ബന്ധം സമ്മതിച്ചതല്ലാതെ മറ്റു കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെന്നും കമീഷണർ പറഞ്ഞു.
ആർ. ഇളങ്കോയുടെ നേതൃതവത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തതിനു ശേഷം ഇയാളെ എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് കൈമാറി. എൻ.ഐ.എ സംഘം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.