മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; പിന്നാലെ യുവമോർച്ച-ഡി.വൈ.എഫ്.ഐ ഏറ്റുമുട്ടൽ
text_fieldsപാപ്പിനിശ്ശേരി: മന്ത്രി ഇ.പി. ജയരാജെൻറ പാപ്പിനിശ്ശേരി അരോളിയിലെ വീട്ടിലേക്ക് യുവമോർച്ച കണ്ണൂർ ജില്ല കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുശേഷം യുവമോർച്ച-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാപ്പിനിശ്ശേരി ടൗണിൽ ഏറ്റുമുട്ടിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ലൈഫ് മിഷൻ പദ്ധതി അഴിമതിയിൽ മന്ത്രിയുടെ മകെൻറ പേരും ഉയർന്നുവന്ന സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ചൊവ്വാഴ്ച രാവിലെ പാപ്പിനിശ്ശേരി ചുങ്കത്തുനിന്ന് ആരംഭിച്ച മാർച്ച് വേളാപുരത്ത് മന്ത്രിവസതിയുടെ ഒരു കിലോമീറ്റർ അകലെവെച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു തടഞ്ഞു.
മാർച്ച് യുവമോർച്ച സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാത്ത പ്രവർത്തകർ കണ്ണൂർ-തളിപ്പറമ്പ് ദേശീയപാത ഉപരോധിക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. യുവമോർച്ച നേതാക്കളായ അരുൺ കൈതപ്രം, അരുൺ കീച്ചേരി, സുബിൻ കൂത്തുപറമ്പ് തുടങ്ങി പത്തോളം പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.
സന്ദീപ് വാര്യർ അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. മാർച്ചിനുശേഷം പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപത്ത് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടി. വടിയും കല്ലുമായി പാപ്പിനിശ്ശേരി ടൗണിൽ പ്രവർത്തകർ ഏറ്റുമുട്ടിയത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ട യുവമോർച്ച പ്രവർത്തകരുടെ അഞ്ചോളം ബൈക്കുകൾ തകർക്കപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ ലാത്തിവീശി ഓടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.