ദേശീയപാത നിര്‍മാണം; തുരുത്തിതോട് നീരൊഴുക്ക് നിലനിർത്തും
text_fieldsപാപ്പിനിശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വേളാപുരം-തുരുത്തിതോട് മൂടിയതിനെതിരെ പാപ്പിനിശേരി പഞ്ചായത്ത് ഹൈകോടതിയിൽ നൽകിയ റിട്ടിന്റെയടിസ്ഥാനത്തിൽ ദേശീയപാത അധികൃതർ തീരുമാനം തിരുത്തി. ഇതോടെ പുതിയ ഓവുചാൽ നിർമാണവും നടത്താൻ തീരുമാനമായി.
ഇതിന്റെ ഭാഗമായി ദേശീയപാത അധികൃതരും കരാറുകാരായ വിശ്വസ മുദ്രവിഭാഗവും പാപ്പിനിശേരി തുരുത്തിയിലെത്തി പഞ്ചായത്ത് അധികൃതർക്ക് ഉറപ്പുനൽകി. നിലവിലുള്ള തോട് ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി പഞ്ചായത്തിലെ വേളാപുരം-തുരുത്തിതോട് മൂടിയതിനെതിരെയാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈകോടയിൽ റിട്ട് ഫയൽ ചെയ്തത്.
ദേശീയപാതക്കായി സ്ഥലമേറ്റെടുത്തത് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലാണ്. അതിനാൽ സ്ഥലമേറ്റെടുത്ത നടപടിക്കെതിരെ ചീഫ് സെക്രട്ടറി, കലക്ടർ, സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ്, കരാറുകാരായ വിശ്വസമുദ്ര എന്നിവർക്കെതിരെയാണ് പഞ്ചായത്ത് റിട്ട് ഫയൽ ചെയ്തത്.
ഹൈകോടതി റിട്ട് ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. കോടതി നോട്ടീസ് ലഭിച്ചതിന്റെയടിസ്ഥാനത്തിൽ ദേശീയപാത സങ്കേതിക വിഭാഗം മേധാവി ജഗദീഷ് ഉൾപ്പെടെയുള്ള ഉന്നത സംഘം സ്ഥലം സന്ദർശിക്കുകയും ബദൽ മാർഗത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.
നിര്‍മാണത്തിന്റെ ഭാഗമായി നികത്തിയ 140 മീറ്റർ തോടിന് പകരം നാലുവരിപ്പാത കടന്നുപോകുന്ന സ്ഥലത്തുതന്നെ കൽവർട്ട് നിർമിച്ച് തോടിന്റെ ഒഴുക്ക് നിലനിർത്തി പ്രശ്നപരിഹാരത്തിന് ധാരണയായി. ഇനി ഹൈകോടതി കേസ് പരിഗണിക്കുമ്പോൾ ഈ ധാരണ കോടതിയെ അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇതിന്റെ പ്ലാനും കോടതിയിൽ സമർപ്പിക്കും. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ തോടടക്കം 45 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുത്തത്. അക്കാരണത്താലാണ് നിലവിലുള്ള തോട് പൂർണമായുംഇല്ലാതാകുന്നത്.
മഴക്കാലത്തുണ്ടാകുന്ന ശക്തമായ നീരൊഴുക്കിന് ബദൽസംവിധാനമേർപ്പെടുത്താത്തതിനാൽ നാട്ടുകാർ പഞ്ചായത്തിൽ പരാതിപ്പെടുകയും പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. എല്ലാറ്റിനും ഇപ്പോള്‍ പരിഹാരമായി. പുതിയ രീതിയിൽ നീരൊഴുക്ക് സുഗമമാക്കാനുള്ള കലുങ്ക് നിർമാണത്തിന്റെ രൂപരേഖയും കോടതിയിൽ സമർപ്പിക്കുമെന്ന് പഞ്ചായത്തധികൃതരെ ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേശീയപാത അധികൃതരുമായി ആശയവിനിമയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.