ദേശീയപാത വികസനം: പാപ്പിനിശ്ശേരി ടോപ്പാവും
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ പട്ടിക വന്നപ്പോൾ പാപ്പിനിശ്ശേരിക്ക് വൻ നേട്ടം. പുതിയ പട്ടികയിൽ പഞ്ചായത്ത് പരിധിയിൽ നാലിടത്ത് അടിപ്പാതയും മേൽപാലവും പണിയും. കൂടാതെ ഒരുകിലോമീറ്ററോളം വരുന്ന പുതിയ തുരുത്തി വളപട്ടണം പാലവും വരുന്നതോടെ പാപ്പിനിശ്ശേരി വികസനത്തിലേക്ക് ഉയരാനുള്ള സാധ്യത കൂടി.
അഞ്ചാം പീടിക കീച്ചേരി കവലയിൽ 24 മീറ്റർ വീതിയും 5.5 മീറ്റർ ഉയരവുമുള്ള വലിയ അടിപ്പാതയൊരുങ്ങും. പാപ്പിനിശ്ശേരി അമലോത്ഭവ പള്ളിക്കും സർവിസ് ബാങ്കിനും ഇടയിൽ 24 മീറ്റർ വീതിയിലും 5.5 മീറ്റർ ഉയരത്തിലുമാണ് രണ്ടാം അടിപ്പാത.പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം കല്ലൂരിക്കടവ് റോഡിൽ ഏഴു മീറ്റർ വീതിയും നാലു മീറ്റർ ഉയരവുമുള്ള ബോക്സ് ടൈപ്പ് അണ്ടർ പാസേജ് വരും. മുണ്ടോങ്കണ്ടി - തുരുത്തിറോഡിൽ ഇതേവലിപ്പത്തിൽ അടിപ്പാത നിർമിക്കും.
ഇത്തരത്തിൽ പ്രകാരം നാല് അടിപ്പാതകളാണ് പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ പരിധിയിൽ അനുവദിച്ചുകിട്ടിയത്. തുടക്കത്തിൽ ഏറെ യാത്രാദുരിതം നേരിടുമെന്ന ഘട്ടത്തിൽ മുഖ്യമന്ത്രിക്കും ദേശീയപാത അധികൃതർക്കും പഞ്ചായത്ത് അധികൃതർ നേരിട്ട് പരാതികൾ നൽകി. സമയോചിതമായ ഇടപെടൽ നടത്തിയതിനാലാണ് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സുശീല പറഞ്ഞു. കൂടുതൽ വികസന പ്രവർത്തനങ്ങൾ വരുന്നത് വൻ നേട്ടമാണെന്നും പഞ്ചായത്ത് ഭരണസമിതിയും അഭിപ്രായപ്പെട്ടു.
കൂടാതെ ദേശീയ പാതയുടെ നിർമാണത്തിന്റെ ഭാഗമായി തുരുത്തി തോട് മൂടിയതിനെതിരെ നീരാഴുക്ക് തടയുന്ന നടപടി ഒഴിവാക്കാൻ ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി വൈകിയതിനാൽ പാപ്പിനിശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. പഞ്ചായത്തിന് വേണ്ടി അഡ്വ. പി.യു. ശൈലജൻ ആണ് ഹാജരായത്.
കോടതി ഉത്തരവിൽ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് വെള്ളം മുൻകാലങ്ങളിലെ പോലെ ഒഴുകി പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അധികൃതർക്ക് കോടതി നിർദേശം നൽകി. ഇതും പഞ്ചായത്തിന് നേട്ടമായി. തുരുത്തി നിവാസികൾ 1000 ദിവസം കുടിൽകെട്ടി സമരം നയിച്ചത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കൂടാതെ പാപ്പിനിശേരി പഞ്ചായത്തിൽ പെട്ട കല്ലൂരിക്കടവിൽ ഒരു പുതിയ പാലം അനുവദിക്കണമെന്ന ജനങ്ങളുടെ മുറവിളിക്ക് പരിഹാരമായി. കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നിർമാണത്തിന്റെ അന്തിമ തീരുമാനവും ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.