ദേശീയപാത വികസനം; വളപട്ടണത്തെ പാലം പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരിയിൽ വളപട്ടണം പുഴയിൽ തുരുത്തി കടവിൽ നിർമിക്കുന്ന പുതിയ പാലം പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലത്തിന്റെ പ്രവൃത്തി സുഗമമായി നടത്താൻ തയാറാക്കിയ ബാര്‍ജ് പുഴയിലിറക്കി. നിലവില്‍ വളപട്ടണം പുഴക്ക് കുറുകെ തളിപ്പറമ്പ്-കണ്ണൂര്‍ ദേശീയപാതയിലെ വളപട്ടണം പാലത്തെക്കാള്‍ ഏറെ നീളമുള്ളതാണ് പുതിയ പാലം.
വളപട്ടണം പുഴയിൽ 32 മീറ്റർ താഴ്ചയില്‍ പൈലിങ് നടത്തിയാണ് പാറയുടെ സ്ഥാനം കണ്ടെത്തിയത്. തുരുത്തിയില്‍ പുഴയിലെ മണ്ണിടല്‍ പൂര്‍ത്തിയായി. പാലത്തിന്റെ നീളത്തിന് കണക്കാക്കി പുഴയിലെ 12 തൂണുകളുടെ പൈലിങ് ജോലികള്‍ നടന്നുവരികയാണ്.
പാലത്തിന്റെ മധ്യഭാഗത്തിലുള്ള ഒരു സ്പാൻ 50 മീറ്റർ നീട്ടുന്നതിനും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിന്, മുമ്പ് വെള്ളപ്പൊക്കമുണ്ടായ ലെവലിൽനിന്ന് ആറ് മീറ്റർ ഉയർത്തുന്നതിനുമുള്ള സംവിധാനമൊരുക്കും. പാലത്തിന്റെ പഴയ രൂപരേഖ പ്രകാരം നീളം 578 മീറ്റര്‍ ആയിരുന്നു. പുതിയ രൂപരേഖയില്‍ 700 മീറ്ററായി കൂടും. എസ്റ്റിമേറ്റ് തുക 130 കോടിയായിരുന്നത് പുതിയ അലൈൻമെന്റ് പ്രകാരം 190 കോടി രൂപയാകും. കോട്ടക്കുന്ന് ഭാഗത്തും തുരുത്തി ഭാഗത്തുമായി കരയില്‍ 16 തൂണുകളുടെ നിര്‍മാണം നടന്നുവരികയാണ്. തുരുത്തിയില്‍നിന്ന് കോട്ടക്കുന്നിലേക്ക് പാലത്തെ ബന്ധിപ്പിക്കുമ്പോള്‍ പുതിയതെരു-കാട്ടാമ്പള്ളി റോഡ്, കീരിയാട് എന്നിവിടങ്ങളില്‍ പാലത്തിന് അടിഭാഗത്തായി അടിപ്പാതയും നിര്‍മിക്കും.
തുരുത്തി പുഴയില്‍ പാലത്തിന്റെ ജോലികള്‍ക്ക് സാമഗ്രകളില്‍ കൊണ്ടുപോകുന്നതിനും ക്രെയിന്‍ ബാര്‍ജില്‍ എടുത്തുവെച്ച് പുഴയിലെ പൈലിങ് നടത്തുന്നതിനും നിര്‍മിച്ച ‘പരശുരാമ’ ബാര്‍ജ് പുഴയില്‍ ഇറക്കി. ഇനി ഇരുവശവുമുള്ള പുഴയിലെ പാലത്തിന്റെ ജോലികള്‍ കൂടുതല്‍ വേഗത്തിലാകും. പാലം നിർമിക്കുന്നതിന് ആദ്യം ഉണ്ടാക്കിയ രൂപരേഖ മാറ്റം വരുത്താൻ നിർദേശം വന്നതിനെ തുടർന്ന് മാസങ്ങളായി നിർമാണം മന്ദഗതിയിൽ ആയിരുന്നു. പുതിയ രൂപരേഖക്ക് ഏതാനും ദിവസം മുമ്പാണ് അന്തിമ അനുമതി ലഭിച്ചത്.
കണ്ടൽ വനമേഖല ഉൾപ്പെടെയുള്ള ഭാഗത്ത് മണ്ണിട്ട് നികത്തി വേളാപുരം ദേശീയപാത മുതൽ തുരുത്തി വരെ റോഡ് നിർമാണത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയിരുന്നു. തുടർന്ന് നിരവധി യന്ത്രസാമഗ്രഹികളും സ്ഥലത്ത് എത്തിച്ചു. ഇതോടൊപ്പം തൊഴിലാളികൾക്ക് താമസിക്കാനുള്ള സംവിധാനവും ഒരുക്കി. കോൺക്രീറ്റ് പാനൽ സാമഗ്രികളുടെ നിർമാണവും തുരുത്തി കേന്ദ്രമായാണ് നടക്കുന്നത്. രാവും പകലും നൂറുകണക്കിന് തൊഴിലാളികളാണ് ഈ മേഖല കേന്ദ്രീകരിച്ച് മാത്രം പണിയെടുക്കുന്നത്.
പാലം പ്രവൃത്തി പൂർത്തീകരിച്ച് ദേശീയപാത യാഥാർഥ്യമാവുന്നതോടെ പാപ്പിനിശ്ശേരി മുതൽ കണ്ണൂർ വരെയുള്ള കടുത്ത വാഹനകുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.