ദേശീയപാത വികസനം:തുരുത്തി പാലം പരീക്ഷണ പൈലിങ് അന്തിമഘട്ടത്തിൽ
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസ് പ്രവൃത്തി പുരോഗമിക്കുന്നു. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തുരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് തുടങ്ങി. പുതിയ പാലത്തിന്റെ പരീക്ഷണ പൈലിങ് അവസാന ഘട്ടത്തിലാണ്.
പാറ കണ്ടെത്തുന്നതിനായി കരയിലാണ് ഇപ്പോള് പൈലിങ് നടക്കുന്നത്.
ഉദ്ദേശം 24 മീറ്ററിൽ അധികം താഴ്ചവരുമെന്നാണ് കണക്കാക്കുന്നത്. തുരുത്തിയിലും പാലത്തിന്റെ മറുഭാഗമായ കോട്ടക്കുന്നിലും പ്രവൃത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും.
ഈ പൈലിങ് പ്രവൃത്തിയെ മാനദണ്ഡമാക്കിയാണ് പുഴയിൽ പാലം നിർമിക്കാനാവശ്യമായ തൂണിന്റെ പൈലിങ് നടക്കുക.
പുഴയിൽ പൈലിങ് നടത്തണമെങ്കിൽ ബാർജ് നിർമിക്കണം. 26 മീറ്റർ നീളവും അത്ര തന്നെ വീതിയുമുണ്ടായിരിക്കും ബാർജിന്. അത് കരയിൽനിന്ന് ഘടിപ്പിച്ച് യന്ത്രസഹായത്തോടെയാണ് പുഴയിലിറക്കുക. ക്രെയിനുകളും മറ്റ് ഉപകരണങ്ങളും താങ്ങാൻ 500 ടണ്ണിലധികം ഭാരം വഹിക്കാൻ ശേഷിയുള്ള ബാർജാണ് ഒരുങ്ങുന്നത്. രണ്ടു ബാർജുകളാണ് വേണ്ടത്. അതിൽ ഒരെണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. ഒരുകിലോമീറ്റർ നീളത്തിൽ ആറുവരിയായാണ് തുരുത്തിയിൽ പാലം നിർമിക്കുന്നത്.
നിർമാണം പൂർത്തിയായാൽ കേരളത്തിലെ തന്നെ വലിയ പാലങ്ങളിൽ ഒന്നായിരിക്കും തുരുത്തി പാലം. പാലം വഴി റോഡ് മുഴപ്പിലങ്ങാട് വരെ എത്തിച്ചേരുന്നതാണ് പുതിയ ദേശീയപാത.
പാലം പണിയും അനുബന്ധ റോഡ് പ്രവൃത്തിയും നടക്കുമ്പോൾ തൊഴിലാളികൾക്ക് താമസിക്കാനുള്ള ഏതാനും ക്വാർട്ടേഴ്സുകളും സമീപത്തു തന്നെ പൂർത്തിയായി വരുന്നു. പ്രവൃത്തി പൂർത്തീകരിച്ചാൽ ഇത്തരം ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കും.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വ സമുദ്ര ഗ്രൂപ്പിനാണ് കണ്ണൂർ ബൈപാസിന്റെ നിർമാണ കരാർ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.