കല്ലൂരിക്കടവ് ബോട്ടുജെട്ടി ശോച്യാവസ്ഥയിൽ; ബോട്ട് നിർത്താത്തതിൽ ദുരിതം
text_fieldsപാപ്പിനിശേരി: കല്ലൂരിക്കടവ് ബോട്ടുജെട്ടി പഴകി പൊട്ടിപ്പൊളിഞ്ഞതിനാല്‍ ബോട്ട് നിര്‍ത്തുന്നില്ല. യാത്രക്കാര്‍ അധികൃതര്‍ക്ക് പരാതി നല്കി. ബോട്ടുജെട്ടി പഴകി പൊട്ടിപ്പൊളിഞ്ഞതിനാലാണ് ഇപ്പോൾ ബോട്ട് നിര്‍ത്താതെ പോകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
കല്ലൂരിക്കടവ് ബോട്ടുജെട്ടി പുതുക്കിപ്പണിയാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി. സുമേഷ്, പാപ്പിനിശ്ശേരി പഞ്ചായത്ത് മെംബർ വി. അബ്ദുൽ കരീം എന്നിവർക്ക് നാട്ടുകാര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പണ്ടുകാലത്ത് കടത്തു തോണിയിലായിരുന്നു നാറാത്ത്, പാമ്പുരുത്തി, കമ്പിൽ, കണ്ണാടിപ്പറമ്പ്, കാട്ടമ്പള്ളി, കോളച്ചേരി ഭാഗങ്ങളിലേക്കും മാങ്കടവ്, അരോളി, കല്യാശ്ശേരി, മാങ്ങാട് ഭാഗങ്ങളിലേക്കും പ്രദേശക്കാർ ജോലിക്ക് പോവുന്നതിനും മറ്റും ആശ്രയിച്ചിരുന്നത്. സമീപകാലത്ത് ബോട്ടുയാത്ര ആരംഭിച്ചപ്പോള്‍ യാത്രക്കാർക്ക് ഇത് വളരെ എളുപ്പമായിരുന്നു.
എന്നാല്‍ ബോട്ടുജെട്ടി പൊട്ടിപ്പൊളിഞ്ഞതിനാൽ, ഇപ്പോള്‍ ആരംഭിച്ച യാത്രാബോട്ട് നിർത്താതെ പോകുന്നത് ഏറെ വിനയായി. ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. പാപ്പിനിശ്ശേരി-പുതിയതെരു വഴി ഗതാഗതക്കുരുക്കിൽപെട്ടു പ്രയാസപ്പെടുന്നവർക്കും ഇത് ആശ്വാസമായിരുന്നു. മാട്ടൂൽ, വളപട്ടണം, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് ബോട്ട് വഴി യാത്ര ചെയ്യുന്നതിനും സൗകര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.