ഡോക്ടറും ലൈവ് സ്റ്റോക് അസിസ്റ്റന്റുമാരുമില്ല പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ ചികിത്സ നിലച്ചു
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ ചികിത്സ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഡോക്ടറും ലൈവ് സ്റ്റോക് അസിസ്റ്റന്റുമാരുമില്ലാത്തതാണ് ആശുപത്രിയിൽ ചികിത്സ നിലക്കാൻ കാരണം. നിലവിൽ പൊതുവെ എല്ലാത്തരം സൗകര്യവും മികച്ച ചികിത്സയും ലഭിക്കുന്ന കേന്ദ്രമാണ് പാപ്പിനിശ്ശേരി മൃഗാശുപത്രി.
നിലവിലെ ഡോക്ടർ സ്ഥലം മാറിപ്പോയതിനു പകരം പുതിയ ഡോക്ടറെ നിയമിക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അതുപോലെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറുടെ സ്ഥലംമാറ്റവും പകരക്കാരനെ നിയമിക്കാതെയായിരുന്നു. ഡോക്ടറും ലൈവ് സ്റ്റോക് അസിസ്റ്റന്റുമില്ലാതെയുള്ള മൃഗാശുപത്രി പ്രവർത്തനം പാടെ നിലച്ച അവസ്ഥയിലാണ്.
ഇപ്പോൾ മൃഗാശുപത്രിയിൽ ഒരു അറ്റൻഡറും ഒരു പാർട്ട്ടൈം ജീവനക്കാരനുമാണുള്ളത്. അഴീക്കോട് മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് ഈ ആശുപത്രിയുടെ അധിക ചുമതല നൽകിയത്. അദ്ദേഹത്തിന് പരിശീലനത്തിനും മീറ്റിങ്ങിനും മറ്റും പങ്കെടുക്കേണ്ടതിനാൽ ആശുപത്രിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിലവിൽ വല്ലപ്പോഴും മറ്റു മൃഗാശുപത്രികളിൽനിന്ന് അതിഥികളായെത്തുന്ന വെറ്ററിനറി ഡോക്ടർമാരാണ് പാപ്പിനിശ്ശേരിയുടെ ആശ്രയം. പാപ്പിനിശ്ശേരി പഞ്ചായത്തിൽ നൂറിലധികം ക്ഷീര കർഷകരുണ്ട്. നൂറുകണക്കിന് നായ്ക്കളും പൂച്ചകളും അടക്കം വളർത്തുമൃഗങ്ങളുമുണ്ട്.
വളർത്തുമൃഗങ്ങൾക്ക് രോഗം വന്നാൽ ഉടമസ്ഥർ ചികിത്സ തേടി അലയേണ്ട അവസ്ഥയാണുള്ളത്. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പാപ്പിനിശേരി പഞ്ചായത്ത് ഭരണ സമിതി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ജില്ലയിൽ 30ൽ അധികം ലൈവ് സ്റ്റോക് ഇൻസ്പെക്ടറുടെ ഒഴിവുണ്ട്. പതിനഞ്ചോളം ഡോക്ടർമാരെ എംപ്ലോയിമെന്റിലൂടെ നിയമിച്ചെങ്കിലും അവരിൽ നിന്നും പാപ്പിനിശ്ശേരിയിലേക്ക് ഡോക്ടർമാരെ നിയമിച്ചിട്ടില്ല. കാരണം, പാപ്പിനിശ്ശേരിയിൽ സീനിയർ വെറ്ററിനറി സർജൻ തന്നെ വേണം.
അത് ലഭിക്കണമെങ്കിൽ സ്ഥലം മാറ്റത്തിലൂടെയോ പ്രമോഷനിലൂടെയോ മാത്രമേ നിയമിക്കാർ സാധിക്കുകയുള്ളൂവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഈ സാഹചര്യത്തിൽ ഡോക്ടറുടെ നിയമനം ഇനിയും നീളാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.