പാപ്പിനിശ്ശേരിയിലെ അയിഷ ഗോൾഡിൽ പണം നിക്ഷേപിച്ചവർ വെട്ടിലായി
text_fieldsപാപ്പിനിശ്ശേരി: സ്വർണ നിക്ഷേപത്തിന് പണമടച്ചവർ വെട്ടിലായി. രണ്ടായിരത്തോളം പേരിൽനിന്ന് 50 കോടിയോളം രൂപ നിക്ഷേപമായി വാങ്ങിയെങ്കിലും എല്ലാം നഷ്ടപ്പെട്ടതായി ആക്ഷേപം ഉയർന്നു. പാപ്പിനിശ്ശേരി കേന്ദ്രമായി പ്രവർത്തിച്ച അയിഷ ഗോൾഡിൽ നിക്ഷേപം നടത്തിയവരാണ് പരാതിയുമായി മുന്നോട്ടുവന്നത്. സ്ഥാപനം വിറ്റ് പണം തിരികെ വേണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ സമരത്തിനിറങ്ങി. അയിഷ ഗോൾഡ് വകയായുള്ള സ്ഥാപനങ്ങളെല്ലാം പൂട്ടി മാസങ്ങൾ കഴിഞ്ഞപ്പോഴാണ് നിക്ഷേപം നടത്തിയവർ വെട്ടിലായതായി തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായവർ പാപ്പിനിശ്ശേരി അയിഷ ഗോൾഡിന് മുന്നിലെത്തി പ്രതിഷേധം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ഉടമ മരിച്ചതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്. തുടർന്ന് അവകാശികൾ സ്ഥാപനം വിറ്റ് പണം നൽകാമെന്ന ഉറപ്പ് നൽകിയെങ്കിലും ആ വാഗ്ദാനവും പാഴായി. അരലക്ഷം മുതൽ ഒരു കോടിയോളം രൂപ നിക്ഷേപം നടത്തിയവരുണ്ടെന്നാണ് കണക്ക്. ഒരു വിഭാഗം പണം തിരികെ കിട്ടാൻ നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. പന്ത്രണ്ടോളം ഷോറൂമുകളുണ്ടായിരുന്ന സ്ഥാപനമാണ് പാപ്പിനിശ്ശേരിയിലെ അയിഷ ഗോൾഡ്. നിരവധി വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിച്ച സ്ഥാപനമായിരുന്നു. ഹൈപ്പർ മാർക്കറ്റും പ്രവർത്തിച്ചിരുന്നു. ആ വിശ്വാസ്യതയിലാണ് പലരും നിക്ഷേപം നടത്താൻ തുനിഞ്ഞിറങ്ങിയത്.
2020 വരെ വാഗ്ദാനം ചെയ്ത തുക പ്രതിമാസം നിക്ഷേപകർക്ക് നൽകിയിരുന്നു. എന്നാൽ, ഉടമയുടെ മരണത്തോടെ എല്ലാം താളംതെറ്റുകയാണുണ്ടായത്. ഒരു ലക്ഷം രൂപക്ക് മാസത്തിൽ 900 രൂപ വീതമാണ് ലാഭവിഹിതം നൽകിയിരുന്നതെന്ന് നിക്ഷേപകർ പറയുന്നു. വഞ്ചിക്കപ്പെട്ടവർ കൂട്ടായ്മകളുണ്ടാക്കിയെങ്കിലും അതിന്റെ നേതൃത്വത്തിലുള്ളവരും പറഞ്ഞ് പറ്റിച്ചതായും ഒരു വിഭാഗം നിക്ഷേപകർ പറയുന്നു. കേസിന് പോയാൽ വസ്തുക്കൾ വിൽക്കാൻ തീരെ സാധിക്കില്ലെന്ന് ചിലർ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നിക്ഷേപർക്ക് കേസിന് പോകാനും പരാതിപ്പെടാനും ഭയമുണ്ടെന്നും ഒരു വിഭാഗം നിക്ഷേപകർ പറഞ്ഞു. സ്ഥലവും കെട്ടിടങ്ങളും വിറ്റ് ബാധ്യത തീർക്കുമെന്നാണ് ഉടമകൾ ഇപ്പോഴും നൽകുന്ന ഉറപ്പ്. അതിൽ വിശ്വാസമില്ലാതെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.