പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ; അപാകതകൾ പരിഹരിക്കാതെ പൊതുമരാമത്ത് ഏറ്റെടുക്കില്ല
text_fieldsപാപ്പിനിശ്ശേരി: അപാകതകൾ പൂർണമായി പരിഹരിക്കാതെ പാപ്പിനിശ്ശേരി, താവം മേൽപാലങ്ങൾ പൊതുമരാമത്ത് വകുപ്പ് വിഭാഗം ഏറ്റെടുക്കില്ല. ഏതാനും മാസങ്ങൾക്ക് മുമ്പെ കെ.എസ്.ടി.പി റോഡ് പൊതുമരാമത്ത് വിഭാഗം ഏറ്റെടുത്തിരുന്നു.
പാലം എത്രയും പെട്ടെന്ന് ഏറ്റെടുക്കാൻ കെ.എസ്.ടി.പി പാലം വിഭാഗം പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. പാലങ്ങൾ അപാകത നിറഞ്ഞതാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടർന്ന് നിലവിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇരുവിഭാഗവും ഒരുമിച്ച് പരിശോധന നടത്തി.
പാപ്പിനിശ്ശേരി, താവം മേൽപാലങ്ങളിൽ നിരവധി അപാകതകൾ ഇരുവിഭാഗവും കണ്ടെത്തി. ഒടുവിൽ അപാകതകൾ പരിഹരിച്ചാൽ മാത്രമേ രണ്ടു പാലങ്ങളും ഏറ്റെടുക്കാൻ നിർവാഹമുള്ളൂ എന്ന മറുപടിയാണ് പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പിയെ അറിയിച്ചത്.
ഇതോടെ കെ.എസ്.ടി.പി വെട്ടിലായി. കാരണം, പാലം അറ്റകുറ്റപ്പണി നടത്താൻ കെ.എസ്.ടി.പിക്ക് ഫണ്ടില്ല. കരാറുകാർക്കാണെങ്കിൽ ഒരുവർഷത്തെ ഉത്തരവാദിത്തം മാത്രമാണുള്ളത്. പഴയ കരാറുകാരെ കണ്ടെത്തി അപാകതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ടി.പിയെന്നാണ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചത്.
അതിനിടെ, പാപ്പിനിശ്ശേരി മേൽപാലത്തിന്റെ സ്പാനുകളുടെ അടിയിൽനിന്ന് കോൺക്രീറ്റ്പാളി അടർന്നുവീണു. പാപ്പിനിശ്ശേരി ഗേറ്റിന് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ സ്പാനിൽ കോൺക്രീറ്റ് പാളിയാണ് ഇപ്പോൾ അടർന്നുവീണത്.
പാലത്തിന്റെ ഉപരിതലം വീണ്ടും പൊട്ടിപ്പൊളിയാനും തുടങ്ങി. അടർന്നുവീണ ഭാഗത്തെ കോൺക്രീറ്റ് കമ്പി തുരുമ്പെടുത്ത് ജീർണിച്ച അവസ്ഥയിലുമാണ്. കൂനിൻമേൽ കുരുപോലെ ഒരു കുഴിയടക്കുമ്പോൾ രണ്ടു കുഴി പുതുതായി രൂപപ്പെടുന്ന സാഹചര്യമാണ് ഇരുപാലങ്ങൾക്കുമുള്ളത്.
2018 നവംബറിൽ ഉദ്ഘാടനം ചെയ്ത പാലത്തിൽ മാസങ്ങൾക്കുള്ളിൽ കുഴികളും എക്സ്പാൻഷൻ ജോയൻറുകളിൽ വിള്ളലും കണ്ടെത്തിയിരുന്നു. പലതവണ കുഴികൾ അടക്കുകയും എക്സ് പാൻഷൻ ജോയന്റിൽ താർ ഒഴിച്ചു നാട്ടുകാരുടെ കണ്ണിൽപൊടിയിടാനും ശ്രമംനടത്തിയിരുന്നു.
വിജിലൻസ് അന്വേഷണവും വിദഗ്ധരുടെ നിരവധി പരിശോധനകളും നടന്നു. അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടാതെ ഡിസംബറിൽ പാലം ആഴ്ചകളോളം അടച്ചിട്ട് അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ ഈജിസ് എന്ന സ്വകാര്യ കമ്പനിയാണ് പാപ്പിനിശ്ശേരി മേൽപാലത്തിന്റെ നിർമാണം ഏറ്റെടുത്തത്. കരാർ നൽകിയത് മറ്റൊരു കമ്പനിയായ ആർ.ഡി.എസ് എന്ന കമ്പനിക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.