പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൻ തീപിടിത്തം. കുത്തിവെപ്പ് മുറിയും അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയ ബാൻഡേജ്, നിരീക്ഷണ, ഇ.സി.ജി മുറികളും പൂർണമായി കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
തീപിടിത്തമുണ്ടായ കെട്ടിടത്തിലെ സാധനസാമഗ്രികളെല്ലാം നശിച്ചു. ഫർണിച്ചറുകൾ, ശീതീകരണ ഉപകരണങ്ങൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു. രാത്രി തീപിടിച്ചതാകാനാണ് സാധ്യത. എന്നാല്‍, രാവിലെ ആറ് കഴിഞ്ഞാണ് അഗ്നിരക്ഷാസേനക്ക് വിവരം ലഭിച്ചത്. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും എല്ലാം കത്തിനശിച്ചിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ച ആശുപത്രിക്കുള്ളിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാണെങ്കിലും രാത്രിസേവനമൊന്നും ലഭിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
ഒരുഭാഗത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിലെ വിവിധ പരിശോധനാമുറികൾ കത്തിയമർന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ അറിയാൻ വൈകിയെന്നും ആക്ഷേപമുണ്ട്. രണ്ടരവർഷം മുമ്പ് ആശുപത്രിമെഡിക്കൽ സ്റ്റോറിലും തീപിടിത്തമുണ്ടായിരുന്നു.
അന്ന് ലക്ഷങ്ങളുടെ മരുന്നും നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചിരുന്നു. എന്നിട്ടും മതിയായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്താത്തതിലും പരാതിയുണ്ട്. കണ്ണൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫിസർമാരായ കെ. പുരുഷോത്തമൻ, എ. കുഞ്ഞിക്കണ്ണൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ പി.വി. മഹേഷ് എന്നിവരെത്തി.
വൈകീട്ട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരായ കെ.പി. ജ്യോതിഷ്, അസി. ഇന്‍സ്പെക്ടര്‍ കെ.എം. ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കെ.വി. സുമേഷ് എം.എൽ.എ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.