പാപ്പിനിശ്ശേരി മേൽപാലം പ്രവൃത്തി അവസാനഘട്ടത്തിൽ
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിലെ അറ്റകുറ്റപ്പണിക്കായി അടച്ച പാപ്പിനിശ്ശേരി, താവം മേൽപാലങ്ങളിലെ നവീകരണപ്രവൃത്തി അവസാനഘട്ടത്തിൽ. പാലങ്ങൾ നിശ്ചയിച്ച ദിവസത്തിനുമുമ്പ് തുറക്കാനാവുമെന്നാണ് പ്രതീക്ഷ. ഇരുമേൽപാലങ്ങളും ഡിസംബർ 20 മുതലാണ് ഒരുമാസത്തേക്ക് അടച്ചത്.
ഇരുമേൽപാലങ്ങളും അടച്ചിട്ടതോടെ യാത്രാക്ലേശം രൂക്ഷമാണ്. ഫലപ്രദമായ ബദൽ യാത്രാസൗകര്യം ഇല്ലാത്തതാണ് ദുരിതത്തിന് കാരണം. പാപ്പിനിശ്ശേരി മേൽപാലം നേരത്തേ നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മുമ്പെങ്കിലും തുറന്നു കൊടുക്കാനാകുമെന്ന് എം.എൽ.എമാരായ കെ.വി. സുമേഷും എം. വിജിനും വ്യക്തമാക്കി. പരമാവധി നേരത്തേ പണി പൂർത്തിയാക്കി തുറന്നുകൊടുക്കാനുള്ള ശ്രമം നടക്കുന്നതായി കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയറും അറിയിച്ചു.
പാപ്പിനിശ്ശേരി മേൽപാലം പണി പഴയ കരാറുകാരായ ആർ.ഡി.എസും താവത്ത് എറണാകുളത്തെ പത്മജ സ്പെഷാലിറ്റീസുമാണ് നടത്തുന്നത്. പാപ്പിനിശ്ശേരിയിൽ കുഴികൾ രൂപപ്പെട്ട ഭാഗത്തെ ടാറിങ്ങും കോൺക്രീറ്റിന്റെ മേൽ പാളിയും നീക്കം ചെയ്ത് കമ്പികളിൽ രാസ മിശ്രിതം ചേർത്ത് വീണ്ടും കോൺക്രീറ്റ് ചെയ്തു. എക്സ്പാൻഷൻ ജോയന്റുകളിൽ വെള്ളം ആഴ്ന്നിറങ്ങാതിരിക്കാൻ പ്രത്യേക സുരക്ഷാഷീറ്റ് ചൂടാക്കി വിരിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കോൺക്രീറ്റ് ചെയ്ത ഭാഗത്തെ ക്യൂറിങ് സമയം കഴിഞ്ഞാൽ അവിടെയും സുരക്ഷാഷീറ്റ് ചൂടാക്കിവിരിച്ച് ബലപ്പെടുത്തും. അതിനുശേഷമാണ് ഉപരിതല ടാറിങ് നടത്തുക. ടാറിങ് പ്രവൃത്തി കഴിഞ്ഞാല് പാലം തുറന്നുകൊടുക്കും.
താവത്ത് എക്സ്പാൻഷൻ ജോയന്റുകൾ മാറ്റിസ്ഥാപിച്ച് കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കി. ക്യൂറിങ് സമയം കഴിയുന്നതോടെ നിലവിൽ ലക്ഷ്യമിട്ട അറ്റകുറ്റപ്പണി പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.