പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം; ആംബുലൻസ് അനുവദിച്ചു; അധികൃതർ വെട്ടിലായി
text_fieldsപാപ്പിനിശ്ശേരി: കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഴീക്കോട് എം.എൽ.എ ആംബുലൻസ് അനുവദിച്ചെങ്കിലും ഡ്രൈവറെ കിട്ടാത്തതിനാൽ ആശുപത്രി അധികൃതർ വെട്ടിലായി. കഴിഞ്ഞ മാർച്ചിലാണ് ആംബുലൻസ് അനുവദിച്ചത്. ആംബുലൻസ് അനുവദിച്ചപ്പോൾ അത് ഓടിക്കാനുള്ള ഡ്രൈവറെ അനുവദിച്ചില്ല.
അക്കാരണത്താൽ മൂന്നു മാസം മുമ്പേ അനുവദിച്ച ആംബുലൻസ് പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കട്ടപ്പുറത്ത് നിർത്തിയിടുകയായിരുന്നു. ആംബുലൻസ് റെഡി, പേക്ഷ ഡ്രൈവറില്ലെന്ന മാധ്യമ വാർത്തയെ തുടർന്ന് ഡ്രൈവറെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തിയെങ്കിലും യോഗ്യരായവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും ഉപയോഗപ്പെടുത്താൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് പരാതിയുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന ജീപ്പിന്റെ കാലാവധി 20 വർഷം പിന്നിട്ടതിനാൽ ഉപയോഗയോഗ്യമല്ല. അതും കട്ടപ്പുറത്താണ്. അക്കാരണത്താൽ ഡ്രൈവർ വാഹനമില്ലാതെ ജോലിയിൽ തുടരുകയാണ്.
കാലപ്പഴക്കം ചെന്ന നിരവധി വാഹനങ്ങൾ ജില്ലയിലുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ആശുപത്രി വികസന സമിതിയോഗത്തിൽ നടന്ന ചർച്ചക്ക് ഒടുവിൽ വണ്ടിയില്ലാതെ ജോലിയിൽ തുടരുന്ന ആശുപത്രിയിലെ ഡ്രൈവറെ ആംബുലൻസ് ഡൈവറായി നിയമിക്കാൻ ധാരണയായി. സ്ഥിരം ജീവനക്കാരനായ ഡ്രൈവറെ ആംബുലൻസ് ഡ്രൈവറാക്കുന്നതിൽ ആർക്കും അധിക ബാധ്യതയില്ല.
ആംബുലൻസ് ഏതാനും ദിവസങ്ങളായി സർവിസിനായി കമ്പനിയിലാണ്. വണ്ടി വന്നാൽ ആംബുലൻസ് ആശുപത്രി ഡ്രൈവർക്ക് കൈമാറും. അതോടെ ജനങ്ങളുടെ ആവശ്യത്തിനായി ഓടിത്തുടങ്ങുമെന്ന് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.