പ്രധാന തോട് അടച്ചു പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപാപ്പിനിശേരി: ആറുവരി ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ് റോഡിന്റെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി പാപ്പിനിശ്ശേരിയിൽ പുഴയിലേക്ക് ചേരുന്ന തോട് അടച്ചു. ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തികളും ഉയർന്നു. തോടിന്റെ പുഴയിലേക്ക് ചേരുന്ന ഭാഗം കോൺക്രീറ്റും മണ്ണും നിറച്ച് അടച്ചതോടെയാണ് വീട്ടമ്മമാരും നാട്ടുകാരും എതിർപ്പുമായി രംഗത്തിറങ്ങിയത്. തോട് അടച്ചതോടെ നീരൊഴുക്ക് തടസ്സപ്പെട്ട തോട്ടിൽ മലിന ജലം കെട്ടിക്കിടന്നു ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായതോടെയാണ് പ്രതിഷേധം കനത്തത്.
കീച്ചേരി കോലത്ത് വയൽ മുതൽ വളപട്ടണം പുഴ വരെ നീണ്ടു കിടക്കുന്ന തോടിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തിലുള്ള ഭാഗമാണ് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തി നീരൊഴുക്ക് തടസ്സപ്പെടുത്തിയത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ ഗണ്യമായ പ്രദേശത്തെ മഴവെള്ളം ഒഴുകിപ്പോകുന്ന തോട് കൂടിയാണിത്. തുരുത്തി പ്രദേശം താഴ്ന്ന പ്രദേശമായതിനാൽ തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതോടെ വരുന്ന മഴക്കാലത്ത് പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്തുള്ള 300ലധികം കുടുംബങ്ങളെയാണ് പ്രശ്നം ബാധിക്കുക.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തേയുംതോട്ടിൽ മണ്ണിട്ടതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. തോട്ടിൽ മണ്ണിട്ടതിനെ തുടർന്ന് കഴിഞ്ഞ മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ മന്ത്രി പി. മുഹമ്മദ് റിയാസ്, കെ.വി. സുമേഷ് എം എൽ എ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് ലംഘിച്ചാണ് ദേശീയപാത പ്രവൃത്തി പ്രദേശത്ത് നടന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ റോഡ് പ്രവൃത്തി തടയുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
തുരുത്തിയിലെ ജനവാസ മേഖലയിലൂടെ ഒഴുകുന്ന ബക്കളം തോടും ഇതേ തോട്ടിലാണ് ചേരുന്നത്. അവിടെയും മലിന വെള്ളം കെട്ടിക്കിടന്ന് വലിയ ദുരിതമാണ് ദേശവാസികൾ അനുഭവിക്കുന്നത്. ഈ പ്രശ്നം പഞ്ചായത്തധികൃതർ ദേശീയ പാത അധികൃതരുമായി ഒരാഴ്ച മുമ്പ് സംസാരിച്ച് പരിഹാര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു വാങ്ങിയിരുന്നു. അതിനിടയിലാണ് എല്ലാ ഉറപ്പുകളും ലംഘിച്ച് നിർമാണ പ്രവൃത്തി പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.