കാലവർഷക്കെടുതി കർഷകർക്ക് ഇത്തവണ കണ്ണീരോണം
text_fieldsപാപ്പിനിശ്ശേരി: കാലവർഷക്കെടുതിയിൽനിന്നും കർഷകർക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയ നഷ്ടപരിഹാരത്തുക ഇനിയും കിട്ടാക്കനി. 2.53 കോടി രൂപയാണ് കർഷകർക്ക് കുടിശ്ശികയായി ബാക്കിയുള്ളത്. വിള ഇൻഷൂറൻസ് ഇനത്തിൽ 1.53 കോടിയും പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി 1.04 കോടിയും അടക്കമാണിത്. വായ്പയെടുത്തും കടംവാങ്ങിയും മണ്ണിൽ പൊന്നുവിളയിക്കാൻ ഇറങ്ങിയവർക്ക് അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാത്തതിൽ കർഷകർ കടുത്ത നിരാശയിലാണ്.
കഴിഞ്ഞ വർഷങ്ങളിലേതുപോലെതന്നെ ഈ വർഷവും ജില്ലയിൽ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രകൃതി ക്ഷോഭത്തില്‍ 10 ലക്ഷവും ഇത്തവണ 94 ലക്ഷവുമാണ് കുടിശ്ശിക. ഇൻഷുറൻസ് ഇനത്തിൽ ഈ വർഷം നൽകേണ്ടിയിരുന്ന 1.70 കോടി രൂപയിൽ 17 ലക്ഷം മാത്രമാണ് കർഷകർക്ക് അനുവദിച്ചത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 15,382 പേർ വിളനാശ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 13,500 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഏതാണ്ട് 3076 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകളാണ് ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നശിച്ചത്.
അടുത്ത മാസം അവസാനത്തോടെ മാത്രമേ തുക ലഭിക്കാൻ സാധ്യതയുള്ളൂ എന്നാണ് വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. ഓണത്തിനു മുന്നേ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ച കർഷകർ ഇപ്പോൾ നിരാശയിലാണ്.ഇൻഷുറൻസ് ചെയ്തിട്ടും നഷ്ടപരിഹാരത്തുക കൃത്യമായി ലഭിക്കാത്തതിനാലാണ് മുഴുവൻ കൃഷിക്കാരും ഇൻഷുറൻസ് എടുക്കുന്നതിൽ വൈമനസ്യം കാണിക്കുന്നത്. മുൻ വർഷത്തിൽ 707 പേർ മാത്രം ഇൻഷുറൻസ് എടുത്തപ്പോൾ ഈ വർഷം അത് 1300 പേരായി ഉയർന്നിട്ടുണ്ട്.
ഈ ഇനത്തിൽ നാലു ലക്ഷം രൂപയോളം സർക്കാർ സമാഹരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇതിലുമധികം പേർ ഇൻഷുർ രംഗത്ത് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിക്കാവശ്യമായ പദ്ധതി നടപ്പിലാക്കുമ്പോൾ പ്രീമിയം അടക്കാനുള്ള തുക കൂടി ഉൾപ്പെടുത്തുന്നത് മുഴുവൻ കർഷകർക്കും നഷ്ടപരിഹാരത്തുക എളുപ്പത്തിൽ ലഭിക്കുന്നതിനുള്ള സാഹചര്യം തുറക്കും. സംസ്ഥാന സർക്കാറിന്റെ ഇൻഷുറൻസ് പ്രീമിയത്തിലും ഉയർന്ന നിരക്കാണ് കേന്ദ്ര സർക്കാർ പ്രീമിയം. നഷ്ടപരിഹാരം അനുവദിച്ചു കിട്ടുന്ന തുകയും പരിമിതമാണ്.
ഡയറക്ട് ബനിഫിറ്റ് ട്രാൻസ്ഫർ സംവിധാന പ്രകാരമാണ് കർഷകർക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. കർഷകർ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കണം. അതത് കൃഷി ഓഫിസർ അവ പരിശോധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ സൂക്ഷ്മപരിശോധനക്കുശേഷം സംസ്ഥാന സർക്കാറിലേക്ക് അംഗീകാരത്തിനായി സമർപ്പിക്കും. അതിൽ തീരുമാനമാകുന്ന മുറക്ക് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കും.
മുൻകൂട്ടി അറിയിപ്പ് നൽകാത്തതിനാൽ മിക്ക കർഷകരും പണം അക്കൗണ്ടിൽ എത്തിയാൽപോലും അറിയാറില്ല. പണം ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കൃഷി ഓഫിസിൽ കയറി ഇറങ്ങുന്ന കൃഷിക്കാരുമുണ്ട്. കൃഷി ഓഫിസറുടെ നിർദേശം പ്രകാരം ബാങ്കിൽ ചെന്ന് പരിശോധിക്കുമ്പോഴാണ് തുക ലഭിച്ച കാര്യം ബോധ്യമാകുന്നത്.വിളനാശ നഷ്ടപരിഹാരത്തുക ഓണത്തിനു മുമ്പ് വിതരണം ചെയ്തില്ലെങ്കിൽ ഇത്തവണയും കർഷകർക്ക് കണ്ണീരോണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.