കൃഷി വകുപ്പിന്‍റെ പേരു പറഞ്ഞ് നടീൽ വസ്തുക്കൾ വിറ്റവർ പിടിയിൽ
text_fieldsപാപ്പിനിശ്ശേരി: കേരള സർക്കാറിന്‍റെയും കൃഷി വകുപ്പിന്‍റെയും പേരിൽ നടീൽ വസ്തുക്കൾ വിറ്റവർ പിടിയിൽ. തൃശൂർ ആസ്ഥാനമായ കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ കീഴിലുള്ള അംഗീകൃത ഏജൻസി എന്ന പേരിൽ വ്യാജ നടീൽ വസ്തുക്കളുടെ ഓർഡർ സ്വീകരിച്ച് വിൽപന നടത്തിയവരാണ് പിടിയിലായത്.
വാനിൽ എത്തിയ ഏഴോളം പേരെ പാപ്പിനിശ്ശേരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇറക്കി വീടുകളിൽ എത്തി ഓർഡുകൾ സ്വീകരിക്കുന്നതിനിടയിലാണ് നാട്ടുകാരിൽ സംശയം ഉയർന്നത്. മണ്ണുത്തി കാർഷിക ഗവേക്ഷണ കേന്ദ്രത്തിന്‍റെ അംഗീകൃത ഏജൻസിയാണെന്ന വ്യാജ തിരിച്ചറിയിൽ രേഖയുമായാണ് ഇവർ വീടുകളിൽ നിന്നും ഓർഡുകൾ സ്വീകരിക്കുന്നത്.
പാപ്പിനിശ്ശേരി കരിക്കൻകുളത്തെ വീടുകളിൽ എത്തിയവരെയാണ് നാട്ടുകാർ ആദ്യം തടഞ്ഞുവെച്ചത്. തുടർന്ന് പാപ്പിനിശ്ശേരി കൃഷി ഓഫിസറും വളപട്ടണം പൊലീസും സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ തിരിച്ചറിയൽ രേഖയാണെന്ന് സമ്മതിച്ചത്.
ഇരിട്ടി കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഓർഡർ സ്വീകരിച്ച് മുൻകൂർ പണവും സ്വീകരിച്ച് കേരള അഗ്രികൾച്ചറൽ ഫാമിന്‍റെ പേരിൽ റസീറ്റും നൽകുന്നുണ്ട്. തെട്ടടുത്ത ദിവസങ്ങളിൽ തന്നെ വാഹനങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ നടീൽ വസ്തുക്കൾ എത്തിക്കുമെന്നാണ് ഏജന്‍റുമാർ അവകാശപ്പെട്ടത്.
കൃഷിവകുപ്പ് മുഖേന വിതരണം ചെയ്യുന്ന നടീൽ വസ്തുക്കൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് നൽകുന്നുണ്ടെന്നും ഇത്തരം വ്യാജ ഏജന്‍റുമാർ അമിത വില ഈടാക്കി ഗുണനിലവാരം കുറഞ്ഞ നടീൽ വസ്തുക്കൾ വിൽപ്പന നടത്തുകയാണെന്നും തട്ടിപ്പിൽ വീഴരുതെന്നും പാപ്പിനിശ്ശേരി കൃഷി ഓഫിസർ യു. പ്രസന്നൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.