തുടർച്ചയായി മൂന്നാം വർഷവും സ്വരാജ് ട്രോഫി: പുസ്കാര നിറവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത്
text_fieldsപാപ്പിനിശ്ശേരി: സംസ്ഥാനത്ത് തുടർച്ചയായി മൂന്നു വർഷവും മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫി നേടുന്ന അപൂർവ പഞ്ചായത്തിനുള്ള ബഹുമതി നേട്ടത്തിന്റെ തിളക്കത്തിലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്. 2019-20 വർഷത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചപ്പോൾ പാപ്പിനിശ്ശേരി സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അവാർഡ് തുകയായ 25 ലക്ഷവും നേടി. 2017-18, 2018-19, 2019 -20 വർഷങ്ങളിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ഇതിനു മുമ്പ് 2016-17 വർഷത്തിൽ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള മൂന്നാം സ്ഥാനവും നേടിയിരുന്നു. ഇതോടൊപ്പം 2018-19 വർഷത്തിൽ ദേശീയതലത്തിലും സുപ്രധാന മായ രണ്ടു അവാർഡുകളും പാപ്പിനിശ്ശേരിക്കായിരുന്നു. മികച്ച പദ്ധതി പ്രവർത്തനങ്ങൾ രൂപവത്കരിച്ച് നടപ്പാക്കിയതിനുള്ള ദേശീയ ജി.ഡി.പി അവാർഡും മികച്ച പഞ്ചായത്തിനുള്ള ദീനദയാൽ ഉപാധ്യായ ശാക്തീകരൺ അവാർഡും പാപ്പിനിശ്ശേരിക്കായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ തുടർച്ചയായ നാലു വർഷവും സംസ്ഥാനതലത്തിൽ അവാർഡ് ലഭിക്കാൻ നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണനും അഭിമാനകരമായ നേട്ടമാണ് ലഭിച്ചത്. ഇതോടൊപ്പം ഈ കാലഘട്ടത്തിൽ പഞ്ചായത്ത് സെക്രട്ടറിയായി പ്രവർത്തിച്ച കെ.ബി. ഷംസുദ്ദീനും മികച്ച സെക്രട്ടറിക്കുള്ള അംഗീകാരവും ഇതോടൊപ്പം ലഭിച്ചു.
മികച്ച ഭരണസമിതിയും അര്‍പ്പണമനോഭാവമുള്ള ജീവനക്കാരും നിർവഹണ ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിെൻറ ഫലമായാണ് ഈ അംഗീകാരങ്ങള്‍ ലഭ്യമാക്കിയത്. മാലിന്യ സംസ്കരണ രംഗത്തെ മികച്ച മാതൃകകളായ കോഴി അറവ് മാലിന്യം സംസ്കരിക്കുന്നതിനുള്ള റെണ്ടറിങ് പ്ലാൻറ്, സ്വച്ഛ് ഭാരത് ഗോബര്ധന് ബയോ ഗ്യാസ് പ്ലാൻറ്, മണ്ണിര കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ് എന്നിവ ജന ശ്രദ്ധ ആകര്‍ഷിച്ച പദ്ധതികളാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി കാര്‍ഷികരംഗത്തെ കുതിച്ചുചാട്ടവും പ്രത്യേക ശ്രദ്ധ നേടിയ മേഖലയാണ്. തരിശ് രഹിത പാപ്പിനിശ്ശേരി, ജൈവകൃഷി വ്യാപനം, ചേന ഗ്രാമം, ചാണകവള സമ്പുഷ്ടീകരണ യൂനിറ്റ്, വനിതാ തൊഴില്‍ സംരംഭങ്ങള്‍ എന്നിവ ചിലത് മാത്രമാണ്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ബഡ്സ് സ്കൂള്‍, സ്റ്റേഡിയം നിർമാണം എന്നിവയും എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.