ആംബുലൻസ് റെഡി; പക്ഷേ, ഡ്രൈവറില്ല
text_fieldsപാപ്പിനിശ്ശേരി: രോഗികൾക്കായി പാപ്പിനിശേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആംബുലൻസ് റെഡിയാണ്. പക്ഷേ, ഓടിക്കാൻ ഡ്രൈവറെ ഇതുവരെ നിയമിച്ചില്ല. കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ 12.5 ലക്ഷം രൂപ വകയിരുത്തി കഴിഞ്ഞ മാർച്ച് 31നാണ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ, അതോടൊപ്പം വികസന സമിതിയുടെ ഫണ്ടുപയോഗിച്ച് ഒരു ഡ്രൈവറെ നിയമിക്കുമെന്നായിരുന്നു കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ പറഞ്ഞത്. എന്നാൽ, നീണ്ട 75 ദിവസം പിന്നിട്ടിട്ടും ഡ്രൈവറെ നിയമിക്കാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് രോഗികൾ പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഷെഡ്ഡിൽ കയറ്റി വെച്ചതല്ലാതെ ഇതുവരെ ഒരു രോഗിയെ പോലും ആംബുലൻസിൽ കൊണ്ടുപോയിട്ടില്ല.
ജനങ്ങൾക്ക് മിതമായ നിരക്കിൽ ആംബുലൻസ് സൗകര്യമേർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആംബുലൻസ് അനുവദിച്ചത്.ആശുപത്രി വികസന സമിതിയും ഇക്കാര്യത്തിൽ നോക്കുകുത്തിയാണ്. വൻതുക മുടക്കി പാപ്പിനിശ്ശേരി സ്വദേശികൾ സ്വകാര്യ ആംബുലൻസിനെ ഉപയോഗപ്പെടുത്തേണ്ട അവസ്ഥയാണ്. ഡ്രൈവറെ നിയമിക്കാൻ എംപ്ലോയ്മെന്റിൽ നിന്നും ലിസ്റ്റ് ലഭിക്കാത്തതിനാലാണ് നിയമന നടപടി നീളുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ, കഴിഞ്ഞ മാസംതന്നെ ലിസ്റ്റ് അയച്ചുകൊടുത്തതായി കണ്ണൂർ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. ആശുപത്രിയുടെ മറ്റു ചില ആവശ്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ദീർഘകാലത്തെ ആവശ്യമായ ആംബുലൻസ് സേവനം പൊതുജനങ്ങൾക്കായി സമർപ്പിച്ചിട്ടും ഡ്രൈവർമാരുടെ നിയമനം നീളുന്നതിൽ ജനങ്ങളിൽ ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.