തുരുത്തി-കോട്ടക്കുന്ന് പാലം പണി പുരോഗമിക്കുന്നു
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത ആറു വരിയാക്കി വികസനം നടക്കുമ്പോൾ തുരുത്തി മേഖലയിൽ നിർമിക്കുന്ന പുതിയ പാപ്പിനിശ്ശേരി-തുരുത്തി-കോട്ടക്കുന്ന് പാലത്തിന്റെ പണി പുരോഗമിക്കുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമിക്കുന്ന വലിയ പാലങ്ങളിലൊന്നാണിത്.
തൂണുകളുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായി. പുഴയുടെ മധ്യഭാഗത്ത് സ്ഥാപിക്കുന്ന തൂണുകളുടെ നിർമാണമാണ് ബാക്കിയുള്ളത്. നിർമാണം വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കി. പുഴയുടെ ഭാഗത്ത് മാത്രം 740 മീറ്ററാണ് നീളം. ഇരുഭാഗത്തെ അനുബന്ധ റോഡടക്കം ഒരു കിലോമീറ്ററിലധികം പാലത്തിന് നീളമുണ്ടാകും. ആദ്യമുണ്ടാക്കിയ രൂപരേഖയിൽ മാറ്റംവരുത്താൻ നിർദേശം വന്നതിനെത്തുടർന്ന് മാസങ്ങളായി പാലം പ്രവൃത്തി മന്ദഗതിയിലായിരുന്നു. അഞ്ചുമാസമായി പാലം നിർമാണം വേഗതകൂട്ടിയിട്ടുണ്ട്. വലിയ ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ പോകാനുള്ള സൗകര്യം പുതിയ രൂപരേഖ പ്രകാരമുള്ള പാലത്തിനുണ്ടാകും. വളപട്ടണം പുഴയിലെ ഭാവിയിലെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്താണ് ഈ മാറ്റം. മധ്യഭാഗത്തെ ഒരു സ്പാനിന്റെ നീളം 50 മീറ്ററായി നീട്ടിയിട്ടുണ്ട്.
ഇൻലാൻഡ് നാവിഗേഷൻ അധികൃതരുടെ ആവശ്യത്തെത്തുടർന്നാണ് മാറ്റംവരുത്തിയത്. മറ്റു സ്പാനുകളും സമാനമായ രീതിയിൽ ഉയരം കൂട്ടിയിട്ടുണ്ട്. ഒരു ഭാഗത്ത് 19 സ്പാനുകൾ വീതം ആകെ 38 തൂണുകളാണുള്ളത്. തുരുത്തിഭാഗത്തെ സ്പാനുകൾ ഉയർത്തിക്കഴിഞ്ഞു. കോട്ടക്കുന്നിൽ തൂണുകളുടെ നിർമാണം പൂർത്തിയായെങ്കിലും സ്പാനുകൾ ഉയർത്തുന്ന പ്രവൃത്തി തുടങ്ങിയിട്ടില്ല. പുതിയ പാലത്തിന് 190 കോടി രൂപയാണ് ചെലവ്. ആദ്യ ഡി.പി.ആർ പ്രകാരം തുരുത്തി പാലത്തിന് 130 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. രൂപരേഖയും മറ്റു മാറ്റങ്ങളും വന്നതോടെയാണ് 190 കോടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.