അടിപ്പാതയല്ല, ചളിപ്പാത
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ റെയിൽവേ അടിപ്പാത ചളിപ്പാതയായി മാറി. കഴിഞ്ഞ മഴയില്‍ കെട്ടിനിന്ന വെള്ളം ഇപ്പോഴും ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതിനാലാണ് ചളിക്കുളമായി മാറിയത്.
റെയില്‍വേ ഗേറ്റ് ഇല്ലാതായപ്പോൾ പ്രദേശവാസികൾക്ക് ഇരുഭാഗത്തേക്കും യാത്ര ചെയ്യാനായി നിർമിച്ചതാണ് അടിപ്പാത. മഴക്കാലമായാല്‍ എന്നും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. ഒരു മാസം മുമ്പേ പെയ്ത മഴയിലാണ് അടിപ്പാതയിൽ വെള്ളം നിറഞ്ഞത്. വെള്ളം ഒഴുകിപ്പോകാൻ നിർമിച്ച ഓവുചാലിൽ ചളിനിറഞ്ഞതിനാലാണ് വെള്ളക്കെട്ട് ഒഴിയാത്തതെന്നാണ് സമീപവാസികൾ പറയുന്നത്.
അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനാൽ ഏറെ കഷ്ടപ്പെടുന്നത് കാൽനടക്കാരാണ്. നടന്നുപോകാൻ ഒരുക്കിയ നടപ്പാത വഴിയാണ് ഇരുചക്ര വാഹനങ്ങൾ സൗകര്യാര്‍ഥം കടന്നുപോകുന്നത്. ഇടതടവില്ലാതെ ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കാൽനടയാത്രക്കാർക്ക് അടിപ്പാത വഴി കടന്നുപോകാൻ ഇരുഭാഗത്തും ഏറെ സമയം കാത്തുനിൽക്കേണ്ടി വരുന്നു. കൂടാതെ വലിയ വാഹനങ്ങൾ പോകുമ്പോൾ ദേഹത്തും വസ്ത്രങ്ങളിലും ചളി തെറിക്കുന്നതായും പരാതിയുണ്ട്.
മഴക്കാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അടിപ്പാതക്കരികിലെ ഓവുകൾ ശുചീകരിച്ചാൽ ഒരു പരിധിവരെ വെള്ളക്കെട്ട് ഒഴിവാകാൻ സാധ്യതയുണ്ട്. അതിനായി പൊതുമരാമത്ത് വകുപ്പോ പാപ്പിനിശ്ശേരി പഞ്ചായത്തോ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
അടിപ്പാതയുടെ നിർമാണവേളയിൽ ഇത്തരം ആശങ്ക ശ്രദ്ധയിൽപെടുത്തിയപ്പോൾ മോട്ടോർ ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സാധ്യത അധികൃതര്‍ ഒരുക്കിനല്‍കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.