കക്കൂസ് മാലിന്യം ഇനി ബയോഗ്യാസാകും
text_fieldsപാപ്പിനിശ്ശേരി: കക്കൂസ് മാലിന്യ സംസ്‌കരണ പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. അഴീക്കോട് വൃദ്ധമന്ദിരത്തിലാണ് കക്കൂസ് മാലിന്യം ഉപയോഗിച്ചുള്ള ബയോഗ്യാസ് കംപോസ്റ്റ് പ്ലാന്റ് സ്ഥാപിച്ചത്. നൂറോളം അന്തേവാസികളുള്ള വൃദ്ധമന്ദിരത്തിൽ വർഷ കാലത്തെ വലിയ പ്രതിസന്ധിയാണ് കക്കൂസ് മാലിന്യം.
വയൽ പ്രദേശമായതുകൊണ്ട് ക്ലോസറ്റുകളിലേക്ക് വിസർജ്യവസ്തുക്കൾ തിരിച്ചുവരുന്നതും വലിയ പ്രയാസങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്ലാന്റ് സ്ഥാപിച്ചതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരമായി. പാലക്കാട് ഐ.ആർ.ടി.സിയാണ് പദ്ധതി പ്രവർത്തനം ഏറ്റെടുത്തത്.
2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 24.5 ലക്ഷമാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽനിസാർ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
വൃദ്ധമന്ദിരം സൂപ്രണ്ട് വി. രാജശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പി.വി. അജിത, കെ.വി. സതീശൻ, പി. പ്രസീത, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എച്ച്. സജീവൻ, പി.ഒ. ചന്ദ്രമോഹനൻ, അസി. കലക്ടർ മിസൽ സാഗർ ഭരത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ, വൃദ്ധമന്ദിരത്തിലെ സ്റ്റാഫ് സി. ഉഷസ് എന്നിവർ സംസാരിച്ചു.
10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ സാധിക്കും. ഭക്ഷണാവശിഷ്ടങ്ങളും ഇതിൽ തള്ളാവുന്നതാണ്. രണ്ടു മണിക്കൂറിലധികം സമയം ഉപയോഗിക്കാൻ കഴിയുംവിധത്തിൽ പാചകാവശ്യത്തിനുള്ള ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ സാധിക്കും. കൂടാതെ ശുദ്ധീകരിക്കുന്ന വെള്ളം പച്ചക്കറിക്കും ചെടികൾക്കും ഉപയോഗിക്കാൻ പറ്റുമെന്നാണ് പ്രോജക്ട് എൻജിനീയർ നിഖിൽ 'മാധ്യമ'ത്തോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.