വളപട്ടണം ദേശീയപാത; കുരുക്കഴിക്കാൻ പുതുപരിഷ്കാരം
text_fieldsപാപ്പിനിശ്ശേരി: പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ മൂന്നാം തിയതി രാവിലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുമെന്ന് ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി. പത്മചന്ദ്രകുറുപ്പ് അറിയിച്ചു. കെ.വി. സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി പഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഗതാഗതക്കുരുക്കഴിക്കാനുള്ള ആർ.ടി.ഒയുടെ നിർദേശം ചർച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു.
ഇതുപ്രകാരം കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകണം. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലുള്ളത് പോലെ കെ.എസ്ടി.പി റോഡ് വഴി തന്നെ പോകാം.
തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ നേരെ വൺവേയായി കണ്ണൂരിലേക്ക് പോകാം. തളിപ്പറമ്പിൽനിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെ.എസ്.ടി.പി റോഡ് വഴി പോകണം.
പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൻസ് റോഡ് വഴി ചുങ്കത്ത്നിന്ന് ദേശീയപാതയിലേക്ക് കയറണം.
എട്ട് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പാക്കുക. തുടർന്ന് ഇത് വിലയിരുത്തി, വിജയമാണെങ്കിൽ തുടരും. ഇല്ലെങ്കിൽ വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തും.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്കരണവുമായി പൊതുജനങ്ങളും യാത്രക്കാരും സഹകരിക്കണമെന്ന് എ.ഡി.എം അഭ്യർഥിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് പി. പ്രദീപൻ, കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, എസ്.ഐ പി. ഉണ്ണികൃഷ്ണൻ, എസ്.എച്ച്.ഒ ടി.പി സുമേഷ്, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.