പാർക്കിങ്: സ്ഥലമില്ലെന്ന് ഓട്ടോക്കാർ, കച്ചവടമില്ലെന്ന് വ്യാപാരികൾ; കാൾടെക്സിലെ തർക്കം കാര്യമാകുന്നു
text_fieldsകണ്ണൂർ: വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിലുള്ള സംഘർഷമായി മാറിയ കാൾടെക്സ് വിചിത്ര കോംപ്ലക്സിന് മുന്നിലെ പാർക്കിങ് പ്രശ്നം തീർന്നില്ല. മതിയായ പാർക്കിങ് സൗകര്യത്തിനായും ഈ വിഷയത്തിൽ മേയർ നടത്തിയ പ്രസ്താവനക്കെതിരെയും ഓട്ടോറിക്ഷ തൊഴിലാളികൾ ഇന്ന് കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തും.
വിചിത്ര ഷോപ്പിങ് കോംപ്ലക്സിന്റെ മുന്‍വശത്തുള്ള ഓട്ടോ സ്റ്റാൻഡ് കാരണം കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് കാണിച്ച് വ്യാപാരികളാണ് ആദ്യം രംഗത്തുവന്നത്.
എട്ട് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ മാത്രം കോർപറേഷൻ അനുമതി നൽകിയ സ്റ്റാൻഡിൽ മൂന്നിരട്ടി ഓട്ടോകളാണ് പാര്‍ക്ക് ചെയ്യുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ഇക്കാരണത്താൽ വ്യാപാരികളും ഓട്ടോത്തൊഴിലാളികളും യാത്രക്കാരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും പതിവാണ്.
കഴിഞ്ഞ ആഴ്ച തർക്കം കൈയാങ്കളിയിലേക്കും നീങ്ങി. കടകൾക്ക് മുന്നിൽ ഇടവിടാതെ ഓട്ടോകൾ നിർത്തുന്നത് കാരണം ആളുകൾക്ക് സാധനം വാങ്ങാൻ കടയിൽ കയറാൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി. കൂടാതെ വാഹനത്തിലെത്തുന്നവരെ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്യാൻ ഓട്ടോറിക്ഷക്കാർ അനുവദിക്കുന്നില്ലെന്നും വ്യാപാരികൾ പറയുന്നു.
എന്നാൽ, നഗരത്തിലെ മൂവായിരത്തോളം ഓട്ടോറിക്ഷകൾക്ക് ആവശ്യത്തിന് പാർക്കിങ് സൗകര്യമില്ലെന്നാണ് ഓട്ടോ തൊഴിലാളികളുടെ പരാതി. ഓട്ടോറിക്ഷകൾക്ക് മതിയായ പാർക്കിങ് സ്ഥലം അനുവദിക്കണമെന്നും വെട്ടിപ്പൊളിച്ചതും തകർന്നതുമായ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഇന്ന് മാർച്ച് നടത്തുന്നത്.
ഓട്ടോ തൊഴിലാളികളെ കൈയേറ്റക്കാരും കുറ്റവാളികളുമായി ചിത്രീകരിച്ചുള്ള മേയറുടെ തൊഴിലാളി വിരുദ്ധ പ്രസ്താവന പിൻവലിക്കണമെന്നും ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടു. നഗരത്തിൽ പാർക്കിങ് അനുമതിയുള്ള ഓട്ടോറിക്ഷകൾക്കു മതിയായ സ്ഥലം ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. എന്നാൽ നിലവിൽ ഒമ്പത് സ്റ്റാൻഡുകൾ റദ്ദാക്കി. 261 ഓട്ടോറിക്ഷകൾക്ക് മാത്രം പാർക്ക് ചെയ്യാനുള്ള ക്രമീകരണമാണ് ഇപ്പോൾ നഗരത്തിലുള്ളതെന്നും തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.