കർഷക വിരുദ്ധ നിയമം റദ്ദു ചെയ്യാൻ പാർലമെൻറ് സമ്മേളനം വിളിക്കണം –കെ.കെ. രാഗേഷ് എം.പി
text_fieldsകണ്ണൂർ: കർഷക വിരുദ്ധ നിയമം റദ്ദു ചെയ്യാൻ പാർലമെൻറ് സമ്മേളനം വിളിക്കാൻ കേന്ദ്രം തയാറാവണമെന്ന് കെ.കെ. രാേഗഷ് എം.പി ആവശ്യപ്പെട്ടു. തിക്രി അതിർത്തിയിൽ കർഷക സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങൾ പ്രധാനമന്ത്രി അവകാശപ്പെടുന്നതുപോലെ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നതല്ല. മറിച്ച് കർഷകരെ ചൂഷണം ചെയ്യുന്നതും കോർപറേറ്റുകൾക്ക് സ്വാതന്ത്ര്യം നൽകുന്നതുമാണ്. ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നടങ്കം ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടതാണ്. ബി.ജെ.പിയെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഹായിക്കുന്ന ബി.ഡി.എസ്, എ.ഐ.എ.ഡി.എം.കെ, പി.ആർ.എസ് ഉൾപെടെയുള്ള കക്ഷികളും സഖ്യകക്ഷിയായ ശിരോമണി അകാലി ദളും ബില്ലിനെ എതിർത്ത പശ്ചാത്തലത്തിൽ പാർലമെൻററി നടപടിക്രമങ്ങളെല്ലാം അട്ടിമറിച്ച് ജനാധിപത്യ വിരുദ്ധമായാണ് കർഷകവിരുദ്ധ നിയമം പാസാക്കി എടുത്തത്.
അഞ്ഞൂറോളം വരുന്ന കർഷകസംഘടനകളുടെ നേതൃത്വത്തിലുള്ള സമരത്തെ തുടക്കം മുതൽ തകർക്കാനുള്ള ഹീനമായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ കോർപറേറ്റുകളുടെ മനസ്സിലുള്ള കാര്യമാണ് അവതരിപ്പിക്കുന്നത്. കർഷകർക്കുവേണ്ടിയാണ് ഈ നിയമമെന്ന് വിശദീകരിക്കുന്ന പ്രധാനമന്ത്രി, തങ്ങൾക്ക് ഈ നിയമം ആവശ്യമില്ലെന്ന് കർഷകർ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്ന് വിളിച്ച് പറയുന്നത് കാണാതെ കർഷകരിൽ അടിച്ചേൽപ്പിക്കുന്നത് കോർപറേറ്റ് ദാസ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.