കുടുങ്ങാതെ കുലുങ്ങാതെ @കിഴക്കേകവാടം
text_fieldsകണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ വാഹനവുമായി എത്തുന്നവർക്കും കാൽനടക്കാർക്കും ഇനി കാറ്റ്ൽ ഗ്രിഡിൽ കുടുങ്ങാതെ കടക്കാനാവും.
ഭാരവാഹനങ്ങൾ കയറിയിറങ്ങിയതിനെ തുടർന്ന് മാസങ്ങളായി തകർന്ന് കിടക്കുന്ന കാറ്റ്ൽ ഗ്രിഡിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിയിരുന്നത്. ഏറെ പരാതികൾക്കൊടുവിലാണ് ഇത് നന്നാക്കാൻ റെയിൽവേ തയാറായത്.
കാറ്റ്ൽ ഗ്രിഡിന്റെ ഇരുമ്പുകമ്പികൾ ഒടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. ഇവ മുറിച്ചുമാറ്റുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങി. രണ്ടു ദിവസത്തിനകം പൂർത്തിയാവും. എട്ടു മീറ്റർ നീളത്തിലുള്ള ഗ്രിഡിന്റെ പകുതി അടച്ചിട്ടാണ് പ്രവൃത്തി. ബാക്കി പകുതിയിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാം.
തലശ്ശേരി ആസ്ഥാനമായ നിർമാണ കമ്പനിയാണ് കരാറെടുത്തത്. ഏകദേശം 27,000 രൂപ ചെലവിലാണ് കാറ്റ്ൽ ഗ്രിഡ് നവീകരിക്കുന്നത്.
ഒടിഞ്ഞതും പൊട്ടിപോയതും പഴക്കംവന്നതുമായ കമ്പികളും അതിന് മുകളിൽ കോർത്തനിലയിലുള്ള ഇരുമ്പ് പൈപ്പുകളും മാറ്റി പുതിയത് സ്ഥാപിക്കും. വാഹനങ്ങളുടെ ഭാരം താങ്ങാനായി ഒരു ഇഞ്ചിന്റെ കമ്പികളാണ് സ്ഥാപിക്കുന്നത്.
കാറ്റ്ൽ ഗ്രിഡ് തകർന്നുകിടക്കുന്നതിനാൽ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു. വാഹനങ്ങളുടെ ചക്രങ്ങൾ വലിയ ശബ്ദത്തോടെ കുഴിയിൽ ചാടുന്നതും കുടുങ്ങുന്നതും നിത്യസംഭവമായിരുന്നു. കാൽനടയാത്രയും ദുസ്സഹമായിരുന്നു.
കമ്പികൾ താഴ്ന്നുപോയതിനാലും പൊട്ടിയതിനാലും വാഹനത്തിന്റെ ചക്രങ്ങൾ അകപ്പെട്ടാൽ പുറത്തെടുക്കാൻ പാടുപെട്ടിരുന്നു. യാത്രക്കാരുടെ പരാതികളുണ്ടായിരുന്നെങ്കിലും കാറ്റ്ൽ ഗ്രിഡ് വലിയതോതിൽ തകർന്നതിനെ തുടർന്നാണ് നവീകരിക്കാൻ റെയിൽവേ തയാറായത്.
കാറ്റ്ൽ ഗ്രിഡ്
കന്നുകാലികൾ റെയിൽവേ സ്റ്റേഷനിലേക്കും പാളത്തിലേക്കും കടക്കുന്നത് തടയാൻ റോഡിൽ ഉപയോഗിക്കുന്ന തടസ്സമാണ് കാറ്റ്ൽ ഗ്രിഡ്. റോഡിന് കുറുകെ ചെറിയ ചാലിൽ ഇരുമ്പ് പൈപ്പുകൾകൊണ്ട് പാലം തീർത്താണ് നിർമാണം.
കന്നുകാലികളുടെ കുളമ്പുകൾ കുടുങ്ങുന്നതിനാൽ ഇതുവഴി കടന്നുപോകുന്നത് തടയും. എന്നാൽ, വാഹനങ്ങൾക്കോ മനുഷ്യരുടെ പാദങ്ങൾക്കോ ബുദ്ധിമുട്ടാകില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം രൂക്ഷമാണ്. ട്രാക്കിലടക്കം ഇവ മേയാൻ ഇറങ്ങുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.