പുഴയിൽനിന്ന് 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു
text_fieldsപയ്യന്നൂർ: പുഴക്ക് കുറുകെ വീണ മരത്തിൽ തങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ എടുത്തു മാറ്റാനിറങ്ങിയ പുരുഷ സ്വാശ്രയ സംഘം പ്രവർത്തകരെ കാത്തിരുന്നത് 20 ചാക്ക് കുപ്പികൾ. പാണപ്പുഴ പറവൂർ ഓർക്കൂട്ട് സ്വാശ്രയ സംഘമാണ് പുഴയിലിറങ്ങി 20 ചാക്കോളം പ്ലാസ്റ്റിക് കുപ്പികളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും കരക്കെത്തിച്ച് പഞ്ചായത്ത് ഹരിതകർമസേനക്ക് കൈമാറിയത്. രണ്ടു ദിവസങ്ങളിലായാണ് പുഴയിലിറങ്ങി കുപ്പികൾ ശേഖരിച്ചത്. ആലക്കാടിനടുത്ത് പുഴക്കു കുറുകെ വീണ മരത്തിൽ തങ്ങിയ കുപ്പികൾ എടുത്തുനൽകാൻ ഹരിതകർമസേന ആവശ്യപ്പെട്ടതായിരുന്നു തുടക്കം.
പുഴയിലിറങ്ങിയപ്പോൾ വണ്ണാത്തിപ്പുഴയുടെ പറവൂർ ആലക്കാട് ഭാഗങ്ങളിലായി കുപ്പികളുടെയും പ്ലാസ്റ്റിക്കിന്റെയും മറ്റൊരു പുഴയാണ് കണ്ടത്. ഒരു ദിവസംകൊണ്ട് അവസാനിച്ചില്ല. രണ്ടാം ദിവസവും പുഴയിലിറങ്ങി കുപ്പി ശേഖരിക്കുകയായിരുന്നു. കരയിൽ സഹായത്തിന് ഹരിതകർമസേനയും ഉണ്ടായിരുന്നു. ഏര്യം, തെന്നം, എടക്കോം, കോയിപ്ര തുടങ്ങിയ പ്രദേശങ്ങൾ പിന്നിട്ടാണ് ഏര്യംപുഴ, പാണപ്പുഴ തുടങ്ങിയ പേരുകൾ സ്വീകരിച്ച് വണ്ണാത്തിപ്പുഴയായി കടലിലേക്കൊഴുകുന്നത്.
മുകൾഭാഗങ്ങളിലെ വീട്ടുകാരും യാത്രക്കാരും മറ്റും വലിച്ചെറിയുന്ന കുപ്പികളാണ് ഒഴുകി കടലിലെത്തുന്നത്. മരം കടപുഴകിയതുകൊണ്ടാണ് ഇത്രയെങ്കിലും വാരാനായതെന്നും ബാക്കിയുള്ളവ പുഴക്കും അറബിക്കടലിനും പാരിസ്ഥിതിക നാശം വരുത്തി കടലോരത്തുണ്ടാവുമെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.