ഗവ. മെഡിക്കൽ കോളജിൽ ത്രീഡി പ്രിന്റിങ് ചികിത്സ ഫലപ്രദം
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ സാധാരണക്കാർക്ക് ആശ്വാസമാവുന്നു. മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ മുഖത്തിന്റെയും താടിയെല്ലുകളുടെയും വൈരൂപ്യങ്ങൾ, കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ എന്നിവക്കുള്ള ചികിത്സക്കാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ചത്.
ടെമ്പറോ മാൻഡിബുലാർ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി) ബാധിക്കുന്ന പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സകൾ ഫലിക്കാതെ വരുമ്പോഴാണ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ സഹായകമാവുന്നത്.
മുഖത്തെ അസ്ഥികളുടെ സി.ടി സ്കാൻ എടുത്തശേഷം മുഖത്തിന്റെ മാതൃക ത്രീഡി പ്രിന്റിങ്ങിലൂടെ നിർമിച്ചാണ് ചികിത്സ ആസൂത്രണം ചെയ്യുന്നത്. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുള്ള നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ ചികിത്സ ചുരങ്ങിയ ചെലവിലാണ് കോളജിൽ നടപ്പിലാക്കി വരുന്നത്. താടിയെല്ലിനെ ബാധിക്കുന്ന ട്യൂമറുകളുടെ ചികിത്സയിലും ഇപ്പോൾ ഇതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ട്യൂമർ ബാധിച്ച മുഖത്തിന്റെ ഭാഗം കമ്പ്യൂട്ടർ പ്രോഗ്രാമറിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നു. ഇങ്ങനെ നീക്കം ചെയ്ത ഭാഗം ടൈറ്റാനിയം ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്ത് പുനർനിർമിക്കുന്നു.
ട്യൂമർ വളരെ കൃത്യതയോടെ സങ്കീർണമായ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനും നീക്കം ചെയ്ത ഭാഗം അപ്പോൾ തന്നെ വൈരൂപ്യങ്ങൾ ഇല്ലാതെ പുനർനിർമിക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം സാധ്യമാകുന്നു. ഇതുവരെ ചെയ്ത ശസ്ത്രക്രിയകളെല്ലാം തന്നെ വൻവിജയമായതിന്റെ സന്തോഷത്തിലാണ് കോളജിലെ മാക്സിലോഫേഷ്യൽ വിഭാഗം മേധാവിയായ ഡോ.സോണിയും ടീമംഗങ്ങളായ ഡോ.ടോണി, ഡോ. ജെറിൻ, ഡോ. സീന എന്നിവരും.
ഈയടുത്ത ദിവസം ജില്ലക്കാരനായ യുവാവിന് കീഴ്ത്താടിയെല്ലിന്റെ ഒരു വശത്തിനെ ബാധിച്ച ട്യൂമർ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും താടിയെല്ലിന്റെ ജോയിന്റ് ഉൾപ്പെടെ പുനർ നിർമിച്ചതായും അധികൃതർ പറഞ്ഞു.
കാൽമുട്ട്, ഇടുപ്പ് എന്നീ സന്ധികൾ മാറ്റിവെക്കുന്നതു പോലെ താടിയെല്ലിന്റെ സന്ധിയും ഇപ്രകാരം മാറ്റിവെക്കാൻ സാധിക്കുന്നത് ചികിത്സാ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമായി വിലയിരുത്തപ്പെടുന്നു.
കോളജ് സർക്കാർ ഏറ്റെടുത്തതു മുതൽ ഇത്തരം ശസ്ത്രക്രിയകൾ മാക്സിലോഫേഷ്യൽ വിഭാഗത്തിൽ ആരംഭിച്ചു. ജന്മനാ വായ പൂർണമായി തുറക്കാൻ പറ്റാതെ വരുന്ന തരം രോഗം ബാധിച്ച യുവതിക്ക് ജോയന്റ് റീപ്ലേസ്മെന്റ് സർജറി വഴി വായ തുറക്കാനും താടിയെല്ലിന്റെ വളർച്ചക്കുറവ് പരിഹരിക്കുവാനും ത്രീഡി പ്രിന്റിങ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വഴി സാധിച്ചക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് അറിയിച്ചു.ഓപറേഷനു ശേഷം മുഖവൈരൂപ്യവും ജോയന്റ് പ്രശ്നവും ഭേദമായാണ് രോഗി മടങ്ങിയത്. ഡോ. കെ. സുദീപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.