ഇനിയില്ല; ചരിത്രത്തിന്റെ ദാഹമകറ്റിയ ഈ കിണർ..
text_fieldsപയ്യന്നൂർ: ചരിത്രത്തിന് തെളിനീർ പകർന്ന കിണറിന് ഇനി ആയുസ് മണിക്കൂറുകൾ മാത്രം. കേരളത്തിലെ തന്നെ ആതുര സേവന ചരിത്രമായ പരിയാരം ടി.ബി സാനി റ്റോറിയത്തിന്റെ ദാഹമകറ്റിയ കിണറാണ് ദേശീയപാത വികസന ഭാഗമായി ഓർമയാവുന്നത്.
ദിവസം രണ്ടുമണിക്കൂര്‍ ഇടവേളയിട്ട് 60 വര്‍ഷം മുടങ്ങാതെ വെള്ളം പമ്പുചെയ്ത കിണറാണ് ചരിത്രമാവുന്നത്. ടി.ബി സാനിറ്റോറിയത്തിന് 1961ല്‍ നിർമിച്ച കിണറാണ് ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇല്ലാതാവുന്നത്.
ഇപ്പോഴും 22 മണിക്കൂറോളം ഇവിടെ നിന്ന് വെള്ളം പമ്പുചെയ്യുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമാണം തുടങ്ങിയ സാനിറ്റോറിയത്തിന് ആദ്യകാലത്ത് രണ്ട് കിണറുകളാണ് ഉണ്ടായിരുന്നത്.
ഇതിലൊന്ന് നിലവിലുള്ള മോര്‍ച്ചറിക്ക് സമീപവും മറ്റൊന്ന് ഔഷധിയുടെ തോട്ടത്തിലുമാണ്. പരിയാരം മെഡിക്കല്‍ കോളജിന് വണ്ണാത്തിപ്പുഴയില്‍ നിന്ന് പ്രത്യേകമായി പൈപ്പ്ലൈന് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കിണറുകളില്‍നിന്ന് വെള്ളം പമ്പുചെയ്യുന്നുണ്ട്.
1948 കാലത്ത് നിർമിച്ച രണ്ട് കിണറുകള്‍ മതിയാവാതെ വന്നതോടെയാണ് 1961ല്‍ ദേശീയപാതക്കുസമീപം ഏമ്പേറ്റ് വയലില്‍ ഈ കിണര്‍ നിർമിച്ചത്. അക്കാലത്ത് സ്ഥിരമായി മുന്നൂറിലേറെ രോഗികളെ സാനിറ്റോറിയത്തില്‍ കിടത്തി ചികിത്സിക്കാറുണ്ടായിരുന്നു. ഇതില്‍ 200 പേരും ഒരു വര്‍ഷക്കാലമോ അതിന് മുകളിലോ ആശുപത്രിയില്‍ കഴിയുന്നവരായിരുന്നു. ജലദൗര്‍ലഭ്യം കൂടിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ജലശേഖരമുള്ള ഏമ്പേറ്റ് വയലിന്റെ ഒരു ഭാഗത്തായി പമ്പുഹൗസും കിണറും പണിതത്.
പമ്പ്ഹൗസ് നിർമിക്കാനായി ഈ ഭാഗത്ത് സ്ഥലമുണ്ടായിരുന്ന സ്വകാര്യവ്യക്തി സൗജന്യമായാണ് അന്ന് ഭൂമി നല്‍കിയത്. തുടര്‍ച്ചയായി വെള്ളം പമ്പുചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഏറ്റവും ആഴത്തിലും വീതിയിലുമായിരുന്നു കിണര്‍ നിർമാണം. വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഉപരിതലം മുഴുവനായി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് നിർമിച്ച കിണറിന് പ്രത്യേകമായി പമ്പ് ഓപറേറ്ററെയും നിയമിച്ചിരുന്നു. രണ്ട് ഓപറേറ്റർമാർ 24 മണിക്കൂറും ഇവിടെ ഡ്യൂട്ടിചെയ്തിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനക്ഷമതയുള്ള മൈയേര്‍സ് പമ്പാണ് ഇവിടെ ഉപയോഗിച്ചത്. ഇന്നും അതുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
1993ല്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഇവിടെ പുതിയ ജനറേറ്റര്‍ സ്ഥാപിച്ചായിരുന്നു പമ്പ്ഹൗസ് പ്രവര്‍ത്തനം. ഇപ്പോഴും 22 മണിക്കൂറോളം പ്രവര്‍ത്തിക്കുന്ന പമ്പ്ഹൗസ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇല്ലാതാവുന്നതോടെ മെഡിക്കല്‍ കോളജില്‍ ശുദ്ധജലത്തിന് ക്ഷാമമുണ്ടായേക്കും. ഇപ്പോഴും നല്ല ജലശേഖരമുള്ള ഈ ഭാഗത്തുതന്നെ പുതിയ കിണര്‍ പണിയാനുള്ള ആലോചന ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.