ആ 'സർജിക്കൽ' ക്രൂരതക്ക് കാൽനൂറ്റാണ്ട്; എവിടെ ഡോ. ഓമന?
text_fieldsപയ്യന്നൂർ: ഊട്ടി റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ മുറിയിൽ ഒരു പച്ചമനുഷ്യനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മൂന്നു പെട്ടിയിലാക്കിയ 'സർജിക്കൽ' ക്രൂരതക്ക് കാൽനൂറ്റാണ്ട്. പയ്യന്നൂരിലെ കെട്ടിട നിർമാണ കരാറുകാരൻ മുരളീധരനെ ക്രൂരമായി കൊലപ്പെടുത്തി കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും കേസിലെ പ്രതി ഡോ. ഓമന ഇന്ത്യൻ പൊലീസിെൻറ മാത്രമല്ല, ഇൻറർപോളിെൻറയും കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയാണ്.
ആ ക്രൂരത ഇങ്ങനെ: 1996 ജൂലൈ 11ന് ഉച്ചയോടെയായിരുന്നു ഇന്ത്യൻ ക്രിമിനൽ ചരിത്രത്തിൽ തന്നെ അത്യപൂർവമായ കൃത്യം നടന്നത്. കാമുകനായ മുരളീധരനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയശേഷം ശരീരാവശിഷ്ടങ്ങൾ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വെട്ടിനുറുക്കി പെട്ടിയിലാക്കുകയായിരുന്നു. 12ന് രാവിലെ ടാക്സി വിളിച്ച് പെട്ടികളുമായി കൊടൈക്കനാലിലെത്തി ആത്മഹത്യാമുനമ്പിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തി. എന്നാൽ, വിനോദ സഞ്ചാരികളുടെ ആധിക്യം കാരണം ശ്രമം നടന്നില്ല. ഇവിടെ നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേ കാറിന് തകരാർ സംഭവിച്ചു. കാറിൽനിന്ന് പെട്ടി മാറ്റുന്നതിനിടെ ദുർഗന്ധം വമിക്കുകയും ഡ്രൈവർ രഹസ്യമായി പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
പരോളിലിറങ്ങി സമർഥമായി മുങ്ങി
പൊലീസിെൻറ പിടിയിലായ ഓമന 2001ൽ പരോളിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. 2002 െഫബ്രവരിയിൽ ഊട്ടി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതിയെ ഹാജരാക്കാനായില്ല. തുടർന്ന് ഇൻറർപോളിെൻറ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.
വീണു മരിച്ചതായി പ്രചരിച്ചു
2017ൽ മലേഷ്യയിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ച സ്ത്രീയുടെ പടം ഹൈകമീഷണർ മലയാള പത്രങ്ങളിൽ നൽകിയിരുന്നു. ഇത് ഡോ. ഓമനയാണെന്ന് വാർത്തകളുണ്ടായെങ്കിലും കൂടുതൽ പരിശോധനയിൽ തിരുവനന്തപുരം സ്വദേശിനിയുടേതാണെന്ന് സ്ഥിരീകരിച്ചു.
മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വാർത്തസമ്മേളനം
പരോളിലിറങ്ങിയശേഷം ഡോ. ഓമന പയ്യന്നൂരിലെത്തുകയും വീടും പറമ്പും വിൽപന നടത്തുകയും ചെയ്തു. പയ്യന്നൂരിൽ വാർത്തസമ്മേളനം നടത്തി നിരപരാധിയാണെന്ന് പറയുകയും ചില പത്രവാർത്തകളെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഇതിനുശേഷം മലേഷ്യയിലേക്ക് പോയതായി പറയുന്നു. കൊല നടത്തുന്നതിനുമുമ്പ് ഡോ. ഓമന മലേഷ്യയിൽ പ്രാക്ടീസ് നടത്തിയിരുന്നു.
പയ്യന്നൂരിലെ അറിയപ്പെടുന്ന നേത്രരോഗ വിദഗ്ധയായ ഡോ. ഓമന സേവനരംഗത്തും സജീവമായിരുന്നു. ഇതിനിടയിലാണ് വീടിെൻറ പുനർനിർമാണത്തിനെത്തിയ മുരളീധരനുമായി പ്രണയത്തിലാവുന്നതും കുടുംബബന്ധം ശിഥിലമാവുന്നതും. തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതോടെ മുരളീധരനെ ഊട്ടിയിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
പല പേരുകൾ, പല മേൽവിലാസങ്ങൾ
വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഡോ. ഓമന മലേഷ്യയിലേക്ക് കടന്നതെന്നു പറയുന്നു. പല പേരുകളിലാണ് ഇവർ പലയിടത്തും കഴിഞ്ഞത്. ഊട്ടിയിലെ റിസോർട്ടിലും റെയിൽവേ സ്റ്റേഷനിലും വ്യത്യസ്ത പേരുകളിലാണ് മുറിയെടുത്തത്. ഓമനയെത്തേടി തമിഴ്നാട് പൊലീസ് നിരവധി തവണ പയ്യന്നൂരിലെത്തിയിരുന്നു. ലോക പൊലീസിെൻറ സഹായത്തോടെ വിദേശങ്ങളിൽ നടത്തിയ തിരച്ചിലും ഫലം കണ്ടില്ല. ഇന്ത്യൻ പൊലീസ് സേനക്ക് പാഠഭാഗമായി മാറിയ ക്രൈം ആയിട്ടുകൂടി ഡോ.ഓമനയെ പൊലീസിന് നിയമത്തിന് മുന്നിലെത്തിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.