ചരിത്ര നഗരിയിൽ രക്തസാക്ഷ്യത്തിന്റെ ശിൽപഭാഷ്യം
text_fieldsപയ്യന്നൂർ: അധിനിവേശത്തിനെതിരായ പോരാട്ടത്തിന് രക്തത്തിന്റെ നിറം കൊടുത്ത വാഗൺ ട്രാജഡിക്ക് ഇന്ന് 103 വയസ്സ്. ബ്രിട്ടീഷുകാർ വെറുമൊരു ട്രെയിൻ വണ്ടി ദുരന്തമായി ചിത്രീകരിക്കുകയും വർത്തമാനകാലത്ത് സംഘ്പരിവാർ അനുകൂല ചരിത്ര നിർമിതിയിൽ അത് സാധൂകരിക്കുകയും ചെയ്യുമ്പോൾ ചരിത്ര നഗരമായ പയ്യന്നൂരിൽ ആ ദാരുണ സംഭവത്തിനൊരു ശിൽപഭാഷ്യം.
സ്വാതന്ത്ര്യ സമരത്തിലെ പ്രഥമ രക്തസാക്ഷിയുടെ നാടും ദേശീയ പ്രസ്ഥാനത്തിന് വലിയ ഊർജം പകർന്ന മണ്ണുമായ പയ്യന്നൂരിലാണ് പോരാട്ടപാതയിലെ കറുത്ത അധ്യായത്തിന്റെ ഗരിമ ചോരാത്ത ശിൽപം ദേശസ്നേഹികളെ ആകർഷിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ പ്രധാന വേദിക്കരികിലാണ് ശിൽപമുള്ളത്.
തീവണ്ടിയിൽ പിടഞ്ഞു വീണ മനുഷ്യരുടെ ശരീരങ്ങൾ വണ്ടിക്കകത്തും പ്ലാറ്റ്ഫോമിലും വീണു കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒപ്പം തോക്കേന്തി നിൽക്കുന്ന ബ്രിട്ടിഷ് പൊലീസിനെയും കാണാം. വണ്ടിയെയും മനുഷ്യരെയും ഏറെ റിയാലിറ്റിയോടെ തന്നെ ശിൽപത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്.
പ്രശസ്ത കലാകാരനും ശിൽപിയുമായ ശ്രീനിവാസൻ ചിത്രാഞ്ജലിയാണ് ശിൽപത്തിന്റെ നിർമാണ നിർവഹണം. മെറ്റൽ ഫ്രെയിമിൽ തികഞ്ഞ ഒറിജിനാലിറ്റിയോടെയാണ് വാഗൺ നിർമിച്ചത്. പഴയ ചരക്ക് വണ്ടിയുടെ ഫ്രെയിം ഏറെ ശ്രദ്ധയോടെ രൂപകൽപന ചെയ്തിട്ടുണ്ട്.
മനുഷ്യ രൂപങ്ങൾ ഫൈബർ ഗ്ലാസിൽ പൂർത്തിയാക്കി. ഒരു മാസത്തോളമെടുത്താണ് ദുരന്തശിൽപം പൂർത്തിയാക്കിയത്.സുജിത് മലപ്പുറം, ശ്യാം എറണാകുളം, ജിതിൻ പാടിയോട്ടുചാൽ, പ്രണവ് കാരന്താട്, ഷിനു പാടിയോട്ടുചാൽ, സന്തോഷ് ചെറുപുഴ തുടങ്ങിയവർ സഹായികളായതായി ശ്രീനിവാസൻ പറഞ്ഞു.
തെയ്യം, നവോഥാന നായകർ തുടങ്ങി നിരവധി ശിൽപങ്ങളും ചരിത്രചിത്രങ്ങൾ ആലേഖനം ചെയ്ത മതിലുകളാലും സമ്പന്നമാണ് ഇന്ന് നവകേരള സദസ്സിനെ വരവേൽക്കുന്ന പയ്യന്നൂർ. ജവഹർലാൽ നെഹറുവിന്റെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് സമ്മേളന വേദിയാണ് പൊലീസ് മൈതാനം. ഈ ചരിത്ര മൈതാനമാണ് സദസ്സിന് വേദിയാവുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.