വനിത കോളജിന് മുന്നിൽ സ്ഥാപിക്കാൻ കൃഷ്ണമേനോന്റെ ശിൽപം ഒരുങ്ങുന്നു
text_fieldsപയ്യന്നൂർ: മുൻ പ്രതിരോധമന്ത്രിയും നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വവുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ശിൽപം പൂർത്തിയായി. കണ്ണൂർ കൃഷ്ണമേനോൻ കോളജിന് മുന്നിലാണ് ശിൽപം സ്ഥാപിക്കുന്നത്. അർധകായ ശിൽപമാണ് ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പണിപ്പുരയിൽ ഒരുങ്ങിയത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ചിത്രൻ കുഞ്ഞിമംഗലം മൂന്നു മാസത്തോളം സമയമെടുത്താണ് ഇത് പൂർത്തിയാക്കിയത്.
രണ്ടര അടി ഉയരത്തിൽ ഫൈബർ ഗ്ലാസിൽ നിർമിച്ച ശിൽപത്തിന് കോപ്പർ നിറം നൽകി. കോളജ് അധികൃതർ നൽകിയ പടങ്ങളും ഇൻറർനെറ്റിൽനിന്ന് ലഭ്യമായ വിഡിയോകളും നിർമാണം പൂർണതയിൽ എത്തിക്കാൻ സഹായകമായതായി ചിത്രൻ പറഞ്ഞു. കോട്ടും ടൈയും അണിഞ്ഞിരിക്കുന്ന രീതിയിലാണ് ശിൽപം.
മലബാറിലെ ഏക സർക്കാർ വനിതാ കലാലയമായ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിന് മുന്നിൽ പീഠത്തിന് മുകളിലാണ് ശിൽപം സ്ഥാപിക്കുന്നത്. നാക് സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന കോളജ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ശിൽപം സ്ഥാപിക്കാൻ തീരുമാനിച്ചത്. കെ.വി. കിഷോർ, കെ. ചിത്ര എന്നിവർ നിർമാണത്തിൽ സഹായികളായി. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്റെ നിർദേശങ്ങളും നിർമാണത്തിനുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.