മുറ്റത്തെ പൂക്കളത്തിന് മട്ടുപ്പാവിലൊരു പൂന്തോട്ടം
text_fieldsപയ്യന്നൂർ: തിരുവോണത്തിന് മാവേലിയെ വരവേൽക്കാൻ മുറ്റത്തൊരുക്കുന്ന പൂക്കളത്തിന് മട്ടുപ്പാവിലൊരു പൂന്തോട്ടം. അതും ഒരു സഹകരണ സ്ഥാപനത്തിെൻറ മുകളിലാവുമ്പോൾ പൂക്കൾക്ക് ജനകീയതയുടെ കടുംവർണമെന്ന പ്രത്യേകതയുമുണ്ട്.
ഓണത്തെ വരവേൽക്കാൻ ഇത്തവണയും പൂന്തോട്ടമൊരുങ്ങിയത് പയ്യന്നൂർ കാർഷിക വികസന ബാങ്കിെൻറ മട്ടുപ്പാവിൽതന്നെ. നിറയെ ചുവപ്പും സ്വർണവർണവും പ്രസരിച്ച് ചെണ്ടുമല്ലി വിരിഞ്ഞ് പെരുമ്പയിലെ ബാങ്ക് ഹെഡ് ഓഫിസിെൻറ ടെറസ് കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
ബാങ്ക് സെക്രട്ടറി പ്രിൻസ് വർഗീസും ജീവനക്കാരും മുൻകൈയെടുത്താണ് പൂന്തോട്ടമൊരുക്കിയത്. ജൂൺ ആദ്യമാണ് 220 ഗ്രോബാഗുകളിലായി കൃഷിത്തോട്ടം ഗ്രൂപ് നൽകിയ 25 ദിവസം പ്രായമായ തൈകൾ നട്ടത്. കഴിഞ്ഞ വർഷവും ജീവനക്കാർ ചെണ്ടുമല്ലികൃഷി നടത്തിയിരുന്നു. ഓണത്തിന് രണ്ടുദിവസം മുമ്പ് വിളവെടുത്ത് വിൽപന നടത്താനാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
തുടർച്ചയായ ഒമ്പതാം തവണയാണ് ബാങ്ക് ടെറസിൽ കൃഷിയിറക്കുന്നത്. മുമ്പ് വെണ്ട, കാബേജ്, കോളിഫ്ലവർ എന്നിവയായിരുന്നു കൃഷി. കഴിഞ്ഞ വർഷം ആരംഭിച്ച ചെണ്ടുമല്ലി കൃഷിയിൽ ഒരു ക്വിൻറലോളം പൂക്കൾ ലഭിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്താതിരുന്നതിനാൽ മലയാളിക്ക് പൂക്കളമൊരുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കൃഷി പൂക്കളിലേക്ക് മാറ്റിയത്. കഴിഞ്ഞ തവണ പൂക്കൾക്ക് ഏറെ ആവശ്യക്കാർ ഉണ്ടായിരുന്നു. ഇത്തവണയും ആ പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.