ജല അതോറിറ്റിയുടെ അനാസ്ഥ: കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
text_fieldsപയ്യന്നൂർ: നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകിയ കുഴി മൂടാതിരുന്ന വാട്ടർ അതോറിറ്റിയുടെ അനാസ്ഥ കാരണം കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്. കാങ്കോൽ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ് പരിക്കേറ്റത്. ശശീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച നാലോടെയാണ് അപകടം. മംഗളൂരുവിലെ കോളജിൽ പഠിക്കുന്ന മകളെ ട്രെയിൻ കയറ്റാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകവെയാണ് നഗരത്തിലെ മെയിൻ റോഡരികിലെ കുഴിയിൽ വീണത്. മകൾ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പയ്യന്നൂർ കോഓപറേറ്റിവ് സ്റ്റോറിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലാകെ നിറഞ്ഞൊഴുകിയത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി. മണിക്കൂറുകൾക്കു ശേഷം വെള്ളമൊഴുക്ക് തടഞ്ഞുവെങ്കിലും വെള്ളമൊഴുകിയ കുഴി മൂടിയില്ല. ഇവിടെ വെച്ച മുന്നറിയിപ്പ് ബോർഡ് കാര്യമായി ശ്രദ്ധിക്കപ്പെടാനിടയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ശശീന്ദ്രന്റെ കാലിനും തലക്കുമാണ് പരിക്ക്. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശശീന്ദ്രനെ പ്രാഥമിക ചികിത്സക്കു ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വാട്ടർ അതോറിറ്റിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശശീന്ദ്രന്റെ ബന്ധുക്കൾ.
നഗരത്തിലിതാ മറ്റൊരു കെണി
പയ്യന്നൂർ: ടൗണിലെ നടപ്പാതയിൽ അപകടക്കെണിയായി വൈദ്യുതി വകുപ്പ് സ്റ്റേ കമ്പിയും. മെയിൻ റോഡിൽ മുകുന്ദ ആശുപത്രിക്ക് മുന്നിലൂടെയുള്ള റോഡരികിലെ നടപ്പാതയിലാണ് കാൽനടക്കാർക്ക് അപകടം വരുത്തുന്ന നിലയിലുള്ള വൈദ്യുതി തൂൺ സ്റ്റേ കമ്പിയുള്ളത്. ഇത് നീക്കം ചെയ്യാൻ നഗരസഭയും കെ.എസ്.ഇ.ബി അധികൃതരും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.