പൊലീസ് മൈതാനത്തിലെ വാഹനങ്ങൾ മാറ്റാൻ നടപടി
text_fieldsപയ്യന്നൂർ: ചരിത്രപ്രാധാന്യമുള്ള പയ്യന്നൂർ പൊലീസ് മൈതാനത്തിൽ കൂട്ടിയിട്ട വാഹനങ്ങൾ ഒരുമാസത്തിനകം കോറോത്തെ ഡമ്പിങ് യാർഡിലേക്ക് മാറ്റും. ജൂലൈ 18ന് ഡമ്പിങ് യാർഡിന് വേണ്ട സർവേ നടപടികൾ ആരംഭിക്കും. ഇത് പൂർത്തിയായി ഒരു മാസത്തിനകം വാഹനങ്ങൾ കോറോത്തേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. ഡമ്പിങ് യാർഡ് സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിന് ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
പയ്യന്നൂർ സബ് ഡിവിഷൻ പരിധിയിൽ കേസുകളിലും മറ്റും ഉൾപ്പെട്ട് പൊലീസും മറ്റ് വകുപ്പുകളും പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ഡമ്പിങ് യാർഡ് നിർമിക്കുന്നതിന് കോറോം വില്ലേജിലെ കോറോത്ത് ഒരേക്കർ റവന്യൂ ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറുന്നതിന് ഉത്തരവായിരുന്നു. നിലവിൽ പയ്യന്നൂർ സബ് ഡിവിഷൻ പരിധിയിൽ വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ സൂക്ഷിക്കാൻ ഉചിതമായ സ്ഥലം ഇല്ലാത്തതിനാൽ പയ്യന്നൂരിലെ പൊലീസ് മൈതാനിയിലാണ് ഇവ സൂക്ഷിക്കുന്നത്.
1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ നെഹ്റു വന്ന് സംസാരിച്ചത് ഈ മൈതാനത്തിലായിരുന്നു. ഈ ചരിത്ര പ്രാധാന്യം മനസ്സിലാക്കി പൊലീസ് മൈതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്ഷിക സ്മാരകമാക്കി മാറ്റുന്നതിനായി 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചിരുന്നു. ഡമ്പിങ് യാർഡ് കോറോത്തേക്ക് മാറുന്നതോടെ പയ്യന്നൂർ പൊലീസ് മൈതാനം നവീകരണം വേഗത്തിലാക്കാൻ കഴിയും.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ ടി. വിശ്വനാഥൻ, പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, തഹസിൽദാർ എം.കെ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.